മുഖ്യമന്ത്രിയുടെ 'തീവ്രവാദി' പരാമര്‍ശം: സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി സഭയില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ആലുവയില്‍ പോലിസിനെതിരേ പ്രതികരിച്ചതു തീവ്രവാദികളാണെന്നും തീവ്രവാദ ബന്ധമുള്ളവരെ പ്രതിപക്ഷം സഹായിക്കുന്നുവെന്നും ആലുവ ഒരു സ്വതന്ത്ര റിപബ്ലിക് അല്ല തുടങ്ങിയ പരമാര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പി ടി തോമസ് ആണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നത്.
സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ ഇതു നിരാകരിക്കുകയായിരുന്നു. തുടര്‍ന്നു മുഖ്യമന്ത്രിക്കു പ്രസംഗിക്കാനുള്ള അവസരവും സ്പീക്കര്‍ നല്‍കുകയായിരുന്നു. എന്നാല്‍, സ്പീക്കറുടെ നടപടി സ്വഭാവികനീതിയുടെ നിഷേധമാണെന്നു രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ആക്ഷേപം ഉണ്ടെങ്കില്‍ അത് രേഖയില്‍ നിന്നു നീക്കാന്‍ ആവശ്യപ്പെടുകയല്ലാതെ ചട്ടപ്രകാരം അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഇതോടെ പ്രതിഷേധവുമായി എഴുന്നേറ്റ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ അതീവ ഗുരുതരമാണെന്നും അടിയന്തര പ്രാധാന്യമുള്ളതിനാല്‍ സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി പ്രതിപക്ഷത്തിനു തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നത്. പ്രതിപക്ഷത്തെ അടച്ചാക്ഷേപിച്ചതിനു പുറമെ ആലുവക്കാരെയും ആക്ഷേപിച്ചതായും രമേശ് പറഞ്ഞു. പ്രതിപക്ഷം ആരോപിക്കുന്നത് പോലുള്ള പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രി നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് സഭയെ തെറ്റിദ്ധരിപ്പിക്കാനാണു ശ്രമിക്കുന്നതെന്നും മന്ത്രി എ കെ ബാലന്‍ അറിയിച്ചതോടെ സഭ ബഹളത്തില്‍ മുങ്ങി. ഇതു സംബന്ധിച്ചു കെ സി ജോസഫ് എഴുതി നല്‍കിയ കാര്യങ്ങള്‍ ചെയര്‍ പരിശോധിച്ചുവരികയാണെന്ന് സ്പീക്കറുടെ വ്യക്തമാക്കി. പിന്നീട് ഇക്കാര്യം സഭയില്‍ ചര്‍ച്ച ചെയ്യുന്നതു ശരിയല്ല. അത്തരമൊരു കീഴ്‌വഴക്കമില്ലെന്നും സ്പീക്കര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കു പറയാനുള്ളത് കേള്‍ക്കാന്‍ പ്രതിപക്ഷം തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ഇതിനു വഴങ്ങാതെ പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിക്കുകയാണെന്നു പ്രഖ്യാപിച്ചു.

RELATED STORIES

Share it
Top