മുഖ്യമന്ത്രിക്ക് വധഭീഷണി: പ്രതി പങ്കെടുത്തത് ശ്രീമൂലനഗരത്തെ ആര്‍എസ്എസ് ക്യാംപില്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണില്‍ ഭീഷണി മുഴക്കിയ കേസില്‍ പിടിയിലായ കണ്ണൂര്‍ സ്വദേശി വിജേഷ് കുമാര്‍ ഈ വര്‍ഷം ആര്‍എസ്എസ് ആയുധപരിശീലന ക്യാംപില്‍ പങ്കെടുത്തതായി വിവരം. എറണാകുളം ജില്ലയിലെ ശ്രീമൂലനഗരം അകവൂര്‍ സ്‌കൂളില്‍ നടന്ന പ്രാഥമിക ശിക്ഷാ വര്‍ഗിലാണ് ഇയാള്‍ പങ്കെടുത്തത്.’
2017 ഡിസംബര്‍ 25 മുതല്‍ 2018 ജനുവരി 1 വരെയാണ് ക്യാംപ് നടന്നത്. കണ്ണൂര്‍ ചെറുതാഴം രാമപുരം ഹനുമാരമ്പലം സ്വദേശിയായ ഇയാള്‍ക്ക് കഴിഞ്ഞ 8 വര്‍ഷത്തോളമായി നാടുമായി ബന്ധമില്ല. ത്രിപുരയിലെ ജയത്തിനു ശേഷം സംഘപരിവാരം സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം തുടങ്ങിയതിനൊപ്പമാണ് ചെന്നൈയില്‍ ചികില്‍സയിലുള്ള മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഇയാള്‍ ഭീഷണി മുഴക്കിയത്. ഇതിനിടെ ഇയാള്‍ക്കു മാനസികാസ്വാസ്ഥ്യം ഉള്ളതായി വരുത്തിത്തീര്‍ക്കാന്‍ നീക്കങ്ങളും നടക്കുന്നുണ്ട്. മാനസികാസ്വാസ്ഥ്യം ഉള്ളയാള്‍ എങ്ങനെ ആര്‍എസ്എസിന്റെ ഏഴുദിവസം നീണ്ടുനില്‍ക്കുന്ന ക്യാം പില്‍ പങ്കെടുത്തുവെന്ന ചോദ്യമാണ് ഉയരുന്നത്.
കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നാണ് ഇയാള്‍ ഭീഷണി സന്ദേശം മുഴക്കിയത്. കണ്ണൂര്‍ സ്വദേശിയായ ഇയാളെ ആലുവ ജില്ലയുടെ കീഴിലുള്ള ക്യാംപില്‍ പങ്കെടുപ്പിച്ചത് എന്തുകൊണ്ട് എന്നുള്ളതും ദുരൂഹമാണ്. വിമാനത്താവളത്തിന്റെ സമീപത്തു വിദേശത്തുനിന്നുള്ളവര്‍ അടക്കം പങ്കെടുക്കുന്ന ക്യാംപ് ആണ് ആലുവ ശ്രീമൂലനഗരത്ത് നടന്നത്. വാര്‍ത്ത പുറത്തു വന്നയുടനെ ശ്രീമൂലനഗരത്ത് പ്രതിഷേധം ശക്തമായി. വിവിധ മതസ്ഥരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ പരാതി കൊടുക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

RELATED STORIES

Share it
Top