മുഖ്യമന്ത്രിക്ക് മുമ്പ് മെഡിക്കല്‍ കോളജ് ഉദ്ഘാടനംകോണ്‍ഗ്രസ് എംപിക്കെതിരേ കേസ്‌

റത്്‌ലം: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അതിനു മുമ്പ് കോണ്‍ഗ്രസ് എംപി കാന്തിലാല്‍ ഭൂരിയ ഉദ്ഘാടനം ചെയ്തു. ബുധനാഴ്ചയായിരുന്നു മുഖ്യമന്ത്രി ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്.
എന്നാല്‍ ചൊവ്വാഴ്ച തന്നെ ഭൂരിയ ഉദ്ഘാടനം നിര്‍വഹിച്ചു. റത്്‌ലം ജില്ലയിലെ ബഞ്ജിലിയിലാണു മെഡിക്കല്‍ കോളജ് സ്ഥാപിച്ചത്. ഭൂരിയയുടെ ചടങ്ങില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരു പൂജാരിയും പങ്കെടുത്തു.
ചൊവ്വാഴ്ച മംഗള ദിവസമായതിനാലാണു താന്‍ ചൊവ്വാഴ്ച തന്നെ മെഡിക്കല്‍ കോളജ് ഉദ്ഘാടനം ചെയ്തതെന്നും യുപിഎ സര്‍ക്കാരാണ് പദ്ധതി അനുവദിച്ചതെന്നും ഭൂരിയ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
മെഡിക്കല്‍ കോളജ് ഉദ്ഘാടനം ഭൂരിയ നിര്‍വഹിച്ചത് ജില്ലാ ഭരണകൂടം അറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്ത് പോലിസിനെ വിന്യസിച്ചു. കോളജ് ഭരണകൂടത്തിന്റെ പരാതിയെ തുടര്‍ന്നു ഭൂരിയക്കും മറ്റു 15 പേര്‍ക്കുമെതിരേ പോലിസ് കേസെടുത്തു. രത്‌ലം-ജാബുവ മണ്ഡലത്തെയാണ് ഭൂരിയ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്. അദ്ദേഹം മുന്‍ കേന്ദ്രമന്ത്രിയുമാണ്.
അതിനിടെ ചൗഹാന്‍ ബുധനാഴ്ച മെഡിക്കല്‍ കോളജ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
350 കോടി രൂപ ചെലവഴിച്ചാണ് കോളജ് പണിതിരിക്കുന്നത്. 750 കിടക്കകളുള്ള ആശുപത്രി കൂടി കോളജില്‍ പണിയുമെന്നു ചൗഹാന്‍ പറഞ്ഞു.
ഈ വര്‍ഷമൊടുവില്‍ മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസ്സും തമ്മിലുള്ള രാഷ്ട്രീയ വടംവലി ശക്തമായിട്ടുണ്ട്.

RELATED STORIES

Share it
Top