മുഖ്യമന്ത്രിക്ക് പോലിസില്‍ നിയന്ത്രണം നഷ്ടപ്പെട്ടു: വി ഡി സതീശന്‍

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനത്തെ പോലിസ് നിയന്ത്രണം നഷ്ടപ്പെട്ടതായി കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. ശ്രീജിത്തിന്റെ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കുക, ഇന്ധനവില വര്‍ധന പിന്‍വലിക്കുക, അക്രമരാഷ്ട്രീയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ട്രേറ്റ് പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ വര്‍ദ്ധിക്കുകയും, പോലിസിലെ ക്രിമിനലുകള്‍ ക്രമസാധാന ചുമതലയില്‍ വ്യാപിക്കുകയും ചെയ്തതോടെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഇല്ലാതായി. പ്രാദേശിക സിപിഎം നേതൃത്വമാണ് പോലിസിനെ ഭരിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാന്‍ ഭരണവര്‍ഗം തന്നെ വാറണ്ട് നല്‍കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. കൊലപാതക രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്ന ഭരണമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര വകുപ്പിനു മേല്‍ യാതൊരു നിയന്ത്രണവും മുഖ്യമന്ത്രിക്കില്ല. ഇരട്ടചങ്കുണ്ടെന്നു പറയുന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് ആഭ്യന്തരവകുപ്പ് യാതൊരു വിലയും കല്‍പിക്കുന്നില്ലെന്നും സതീശന്‍ പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി അധ്യക്ഷത വഹിച്ചു. നേതാക്കളായ മുന്‍ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍, അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍, എം പി ഭാസ്‌കരന്‍ നായര്‍, ഒ അബ്ദുറഹിമാന്‍കുട്ടി, പി എ മാധവന്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ ആര്‍ ഗിരിജന്‍, അഡ്വ. വി ബാലറാം, പത്മജ വേണുഗോപാല്‍, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ, സിഎംപി ജില്ലാ സെക്രട്ടറി പി ആര്‍ എന്‍ നമ്പീശന്‍ സംസാരിച്ചു.

RELATED STORIES

Share it
Top