മുഖ്യമന്ത്രിക്ക് കൈമാറിയത് ഭരണസമിതിക്ക് എതിരേ നാട്ടുകാര്‍ പറഞ്ഞ പരാതിയെന്ന്

തൃശൂര്‍: അടാട്ട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിക്കും ഒത്താശ ചെയ്യുന്ന സെക്രട്ടറിക്കും എതിരേ നാട്ടുകാര്‍ നേരിട്ടുപറഞ്ഞ പരാതിയാണ് വകുപ്പ് തലത്തില്‍ സമഗ്രാന്വേഷണത്തിന് വിധേയമാക്കി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതെന്ന് ഡോ. പി കെ ബിജു എംപി പറഞ്ഞു. കഴിഞ്ഞ ആഗസ്ത് ഇരുപത്തിയൊന്നിനാണ് പരാതി നല്‍കിയത്. തുടര്‍ന്ന് വകുപ്പ് തലത്തില്‍ നടന്ന അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് തെളിഞ്ഞതോടെയാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരേ തദ്ദേശ സ്വയംഭരണ വകുപ്പ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.
പ്രളയത്തെ തുടര്‍ന്ന് മണ്ഡലത്തില്‍ സംഘടിപ്പിച്ച ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കവെയാണ് പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമം ഹൈസ്‌ക്കൂളിലെ ദുരിതാശ്വാസ ക്യാംപിലെത്തിയത്. ഇവിടെവച്ച് നാട്ടുകാരും വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥരും ഭരണസമിതിക്കെതിരേ പരാതിയുമായി രംഗത്ത് വന്നു. മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാനെന്ന മറവില്‍ ഭരണസമിതിയുടെ ഒത്താശയോടെ തൃശൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ അമല നഗര്‍ ശാഖയില്‍ പ്രത്യേകം അക്കൗണ്ട് തുടങ്ങിയും രശീതി വഴിയും പണപ്പിരിവ് നടത്തുന്നുവെന്ന ആക്ഷേപം നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
അടാട്ട് ഗ്രാമപഞ്ചായത്തിലെ പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരിലുളള അക്കൗണ്ട് നമ്പറും വിവരങ്ങളും പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കേ ഗ്രാമപഞ്ചായത്ത് കൈകാര്യം ചെയ്യുന്ന അക്കൗണ്ടിലേക്ക് പണം സ്വരുപിച്ചതിനെതിരേയാണ് നാട്ടുകാര്‍ രംഗത്ത് വന്നത്.
പുറനാട്ടുകര ദുരിതാശ്വാസ ക്യാംപ്് കോണ്‍ഗ്രസിനും ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കും പണംപിരിക്കാനുളള അന്യായ മാര്‍ഗമാക്കിയെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. ദുരിതാശ്വാസ ക്യാംപുകളുടെയും ക്യാംപുകളിലേക്ക് സുമനസ്സുകള്‍ നല്‍കുന്ന ഉത്പ്പന്നങ്ങള്‍ രജിസ്റ്റര്‍ സൂക്ഷിച്ച് വാങ്ങിവെക്കുന്നതിനും അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്നതിനും ദുരന്തനിവാരണത്തിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് വില്ലേജ് ഓഫീസര്‍ക്കാണ് ചുമതല നല്‍കിയിട്ടുളളത്. ഇവരെ സഹായിക്കുന്നതിനാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. എന്നാല്‍ വില്ലേജ് ഓഫീസറെ കൃത്യനിര്‍വഹണത്തില്‍ പൂര്‍ണ്ണമായും തടസ്സപ്പെടുത്തുകയും ക്യാംപിന്റെ പൂര്‍ണ്ണ നിയന്ത്രണം ഗ്രാമപഞ്ചായത്ത് ഭരണസമിതിയും അവരുടെ നിയന്ത്രണത്തിലുളള സാമൂഹ്യവിരുദ്ധരും കയ്യടക്കുകയും ചെയ്തിരിക്കുകയാണെന്നും വില്ലേജ് ഓഫീസറും പരാതിപ്പെട്ടു. ഇതു സംബന്ധിച്ച് മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞു.
വീടിന് നമ്പര്‍ കൊടുക്കുന്നതും വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതും തങ്ങള്‍ക്ക് പണം പിരിക്കാനുളള മാര്‍ഗ്ഗമായി സ്വീകരിച്ചതിനു എതിരെയാണ് ഭരണസമിതിക്കെതിരെ നാട്ടുകാര്‍ കൂട്ടത്തോടെ പരാതിയുമായി രംഗത്ത് വന്നത്. ഭരണസമിതിയുടെ അന്യായ നടപടികള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരന്റെ കടമ മറന്ന് ഒത്താശ പാടിയതിനാണ് സെക്രട്ടറിക്കെതിരേ വകുപ്പ് തലത്തില്‍ നടപടി സ്വീകരിച്ചിട്ടുളളതെന്നാണ് അറിയുന്നതെന്നും എംപി പറഞ്ഞു.
വിരമിക്കുന്നതിന്റെ തലേദിവസം അടാട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ആര്‍ ജയചന്ദ്രന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ടിംപിള്‍ മാഗിയെ ഉപരോധിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ച വിരമിക്കാനിരുന്ന സെക്രട്ടറി എ എം പങ്കജത്തെയാണ് വെള്ളിയാഴ്ച സസ്‌പെന്‍ഡ് ചെയ്തത്. പി കെ ബിജു എംപിയുടെ വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് ഡയറക്ടര്‍ നടപടിയെടുത്തതെന്ന് സമരക്കാര്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എംപിയുടെ വിശദീകരണം. സപ്തംബര്‍ മാസത്തില്‍ വിരമിക്കുന്ന ഉദ്യോഗസ്ഥ സാലറി ചലഞ്ചില്‍ പങ്കെടുത്തില്ലെന്ന് കാണിച്ച് ശത്രുത നിലപാട് സ്വീകരിച്ചെന്ന് പറയുന്നതിലെ രാഷ്ട്രീയപാപ്പരത്തം ജനങ്ങള്‍ തളളിക്കളയുമെന്നും എംപി പറഞ്ഞു.

RELATED STORIES

Share it
Top