മുഖ്യമന്ത്രിക്കെതിരേ സിപിഐ വീണ്ടുംതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരേ രൂക്ഷവിമര്‍ശനവുമായി വീണ്ടും സിപിഐ. ഇന്നലെ എം എന്‍ സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരേ നേതാക്കള്‍ വിമര്‍ശനം അഴിച്ചുവിട്ടത്. മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലില്‍ മുഖ്യമന്ത്രി മുന്‍കൈയെടുത്ത് സര്‍വകക്ഷിയോഗം വിളിച്ചത് ഒഴിപ്പിക്കലിന്റെ ക്രെഡിറ്റിനു വേണ്ടിയാണെന്ന് സിപിഐ കുറ്റപ്പെടുത്തി. കൈയേറ്റമൊഴിപ്പിക്കാന്‍ നടപടിയെടുത്ത റവന്യൂ വകുപ്പിന്റെ നിലപാടിന് പൊതുപിന്തുണയുണ്ട്. അതിന്റെ ക്രെഡിറ്റിനുവേണ്ടിയാണ് നടപടികള്‍ തുടര്‍ന്നുവരുന്നതിനിടയില്‍ സര്‍വകക്ഷിയോഗം വിളിച്ചത്. അനധികൃത കൈയേറ്റമൊഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടുപോവാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു. കൈയേറ്റം വന്‍കിടയെന്നോ ചെറുകിടയെന്നോ നോക്കാതെ ഒഴിപ്പിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ വന്‍കിട കൈയേറ്റം ആദ്യം ഒഴിപ്പിക്കുമെന്നായിരുന്നു അറിയിച്ചത്. ഇതിന് വ്യത്യസ്തമായ നിലപാടാണ് സിപിഐ എടുത്തത്.  കെ എം മാണിയുമായി കൂട്ടുകൂടിയ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നടപടിയും യോഗത്തില്‍ വിമര്‍ശനവിധേയമായി. മാണിയെ ഒരു കാരണവശാലും മുന്നണിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന വികാരമായിരുന്നു യോഗത്തില്‍ നേതാക്കള്‍ പ്രകടമാക്കിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കിയ സിപിഎം നടപടിക്കെതിരേ നേരത്തേ തന്നെ സിപിഐ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സിപിഐ മുഖപത്രവും സിപിഎം നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനെതിരേ ദേശാഭിമാനി മുഖപ്രസംഗത്തില്‍ സിപിഐയ്‌ക്കെതിരേ വിമര്‍ശനം ചൊരിഞ്ഞിരുന്നു.

RELATED STORIES

Share it
Top