മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായി പോലിസ്

തിരുവനന്തപുരം: റേഡിയോ ജോക്കിയും ഗായകനുമായ മടവൂര്‍ പടിഞ്ഞാറ്റേല ആശാനിവാസില്‍ രാജേഷ്‌കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി വിദേശത്തേക്ക് കടന്നാതായി സംശയം. കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണ് നടത്തിയതെന്നാണ് പോലിസ് റിപോര്‍ട്ട്. കൊല നടത്തി മൂന്നാം ദിവസം തന്നെ അലിഭായ് ഖത്തറിലേക്കു മടങ്ങിയെന്ന് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി.
വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ചു കാഠ്മണ്ഡു വഴി ഖത്തറിലേക്കു കടന്നെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഖത്തറില്‍ നിന്നെത്തിയ അപ്പുണ്ണി എന്നറിയപ്പെടുന്ന കായംകുളം സ്വദേശിയും മറ്റൊരാളും ഇയാള്‍ക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു. കൊലപാതകത്തിന് ശേഷം മൂവരും കായംകുളത്തെത്തി ആയുധം ഉപേക്ഷിച്ച ശേഷം തൃശൂരിലെത്തി. അവിടെ നിന്ന് ബംഗളൂരുവിലേക്ക് പോയ പ്രതികള്‍ ഡല്‍ഹി വഴി കാഠ്മണ്ഡുവിലും അവിടെ നിന്ന് ഖത്തറിലേക്കും കടക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
ഈ സാഹചര്യത്തില്‍ മുഖ്യപ്രതിയെയും ക്വട്ടേഷന്‍ നല്‍കിയെന്നു സംശയിക്കുന്ന ഖത്തറിലെ വ്യവസായിയെയും ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നടപടികള്‍  ആഭ്യന്തരവകുപ്പ് തുടങ്ങി. പതികളുടെ വിദേശയാത്ര തടയാനായി ഇരുവരുടെയും പേരില്‍ പോലിസ് ലുക്കൗട്ട് നോട്ടീസ് തയ്യാറാക്കിയിരുന്നു.  വ്യാജ പാസ്‌പോര്‍ട്ടിലാണ് ഇരുവരും കേരളത്തിലെത്തിയതെന്ന് വ്യക്തമായിരുന്നു.

RELATED STORIES

Share it
Top