മുഖ്യധാരരാഷ്ട്രീയപ്പാര്‍ട്ടികള്‍ മൗനത്തില്‍

കുറ്റിപ്പുറം: ദേശീയപാതയ്ക്കായുള്ള ഏകപക്ഷീയമായി സ്ഥലമേറ്റെടുക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരേ സ്ഥലം നഷ്ടമാവുന്നവര്‍ ശക്തമായ പ്രതിഷേധ സ്വരമുയര്‍ത്തുമ്പോഴും മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ കൈക്കൊള്ളുന്ന നിസ്സംഗത ആശങ്കയുയര്‍ത്തുന്നു.
ഇന്നലെ പാതയ്ക്കായുള്ള സ്ഥലമെടുപ്പിന്റെ സര്‍വേ തടയുമെന്ന പ്രഖ്യാപനവുമായി സ്ത്രീകള്‍ ഉള്‍പ്പെടെ നൂറു കണക്കിനാളുകള്‍ രാവിലെ മുതല്‍ കുറ്റിപ്പുറത്തെത്തിയിരുന്നു. എന്നാല്‍, ഈ പ്രതിഷേധ സമരക്കാര്‍ക്കൊപ്പം നില്‍ക്കാനോ, അവര്‍ക്കു പിന്തുണ പ്രഖ്യാപിക്കാനോ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളായ സിപിഎം, മുസ്്്‌ലിംലീഗ്, കോണ്‍ഗ്രസ് എന്നിവയിലെ നേതാക്കള്‍ ആരും തന്നെ എത്താത്തതാണ് ജനങ്ങളില്‍ ആശങ്കയുയര്‍ത്തിയിട്ടുള്ളത്.
തങ്ങളുടെ വോട്ട് ബാങ്കുകളായി കാലാകാലങ്ങളില്‍ കാണുന്ന ഈ വിഭാഗത്തിന് നഷ്ടപ്പെടുന്ന സ്ഥലങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും മാന്യമായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെടാന്‍ പോലും ഇടത്-വലത് മുന്നണികള്‍ തയ്യാറായിട്ടില്ല. എസ്ഡിപിഐ, ആം ആദ്്മി പാര്‍ട്ടി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരുടെ നേതാക്കളാണു പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ഇവര്‍ക്കു പുറമെ ദേശീയപാത ആക്്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും സമരങ്ങള്‍ക്കു നേതൃത്വം നല്‍കാനെത്തിയിരുന്നു. രാവിലെ ഏഴോ തന്നെ ജില്ലാ ഡെപ്യൂട്ടി കലക്ടര്‍ ജെ അരുണ്‍കുമാര്‍ കുറ്റിപ്പുറത്തെത്തിയിരുന്നു.
അരുണ്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു സര്‍വേ പ്രവര്‍ത്തനങ്ങള്‍ നടന്നത്. സര്‍വേ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ പൊന്നാനി, വളാഞ്ചേരി, കല്‍പ്പകഞ്ചേരി, കാടാമ്പുഴ, തിരൂര്‍, കുറ്റിപ്പുറം, പൊന്നാനി, പെരുമ്പടപ്പ് എന്നീ സ്റ്റേഷനുകളിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടേയും എസ്‌ഐമാരുടെയും നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹമെത്തിയിരുന്നു. കൂടാതെ മലപ്പുറം എആര്‍ ക്യാംപിലെയും ഡിജിപിയുടെ സ്‌പെഷ്യല്‍ പ്രൊട്ടക്്ഷന്‍ ഗ്രൂപ്പിലെ പോലിസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
ഏതുവിധേനയും സര്‍വേ ജോലികല്‍ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയായിയിരുന്നു സര്‍ക്കാര്‍ സംവിധാനമൊരുക്കിയിരുന്നത്.
സമരക്കാരെ നേരിടാനുള്ള ടിയര്‍ ഗ്യാസ്, ജലപീരങ്കി, വന്‍തോതിലുള്ള പോലിസ് വാനുകള്‍ എന്നിവ പോലിസ് സ്ഥലത്തെത്തിച്ചിരുന്നു. ഇന്നലെ ഒരു കിലോമീറ്ററോളം ദൂരം മാത്രമാണു സര്‍വേ നടത്തിയത്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലം സര്‍വേ ചെയ്ത് 15 ദിവസത്തിനകം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

RELATED STORIES

Share it
Top