മുഖംമൂടി സംഘത്തിന്റെ ആക്രമണത്തില്‍ വൃദ്ധയ്ക്ക് പരിക്ക്: വാഹനങ്ങള്‍ നശിപ്പിച്ചു

വെള്ളറട: മുഖംമൂടി ധരിച്ചെത്തിയ സംഘത്തിന്റെ ആക്രമണത്തില്‍ വൃദ്ധയുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. അക്രമി സംഘം വാഹനങ്ങള്‍ നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി ഏഴോടെയാണ് ആക്രമണം നടന്നത്. വെള്ളറട പോലിസ് പരിധിയില്‍ കള്ളിമൂട് മുണ്ടറപ്പന്‍കുഴി വടക്കിന്‍കര വീട്ടില്‍ രാധ(54)യെയും കുടുംബത്തെയുമാണ് സംഘം ആക്രമിച്ചത്.
രാധയെയും പരിക്കേറ്റ അയല്‍വാസികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപത്തഞ്ചില്‍ അധികം അക്രമികള്‍ മുഖം മൂടി ധരിച്ച് രാധയുടെ മക്കളായ അനീഷ്, അനില്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. രാധ അക്രമികളെ തടയവെ മക്കള്‍ ഓടിരക്ഷപ്പെട്ടു.
രാധയുടെ കഴുത്തില്‍ ആയുധം വച്ചശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. രാധയുടെയും മക്കളുടെയും നിലവിളികേട്ട് ഓടിക്കൂടിയ അയല്‍വാസികളെയും അക്രമികള്‍ മര്‍ദിച്ചു. മര്‍ദനമേറ്റവര്‍ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സതേടി. രാധയുടെ ഭര്‍ത്താവ് അംഗപരിമിതനായ സെല്‍വരാജ് കിളിയുരില്‍ പീടിക നടത്തുന്നുണ്ട്. ഒരു മാസം മുമ്പ് കടയില്‍ കവര്‍ച്ച നടന്നിരുന്നു. പോലിസില്‍ പരാതി നല്‍കിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. രണ്ടാഴ്ച മുമ്പ് മോഷ്ടാവിനെ തിരിച്ചറിഞ്ഞു. മോഷ്ടാവ് കഞ്ചാവ് കേസിലും മാലകവര്‍ച്ചാ കേസിലും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള പ്രദേശത്തേ ഗുണ്ടയാണ്.
സെല്‍വരാജിന്റെ കടയില്‍ മോഷണം നടത്തിയതിനെ പറ്റി അന്വേഷിച്ചതാണ് വീട്കയറിയുള്ള ആക്രമണത്തില്‍ കലാശിച്ചത്. ആക്രമണത്തിനിടെ രണ്ടുപേരുടെ മുഖംമൂടി അഴിഞ്ഞു വീണു. പ്രദേശവാസികളായ അവരുടെ പേരില്‍ പോലിസില്‍ പരാതിനല്‍കി. 25 പേര്‍ ആക്രമണത്തില്‍ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി പോലിസ് സ്ഥലത്ത് എത്തിയിരുന്നു. കേസെടുത്ത് ഇന്നലെ രാവിലെ എസ്‌ഐ സതീഷ്‌കുമാറിന്റ നേതൃത്വത്തില്‍ തെളിവുകള്‍ ശേഖരിച്ചു.

RELATED STORIES

Share it
Top