മുഖംമൂടി സംഘത്തിന്റെ ആക്രമണം; യൂത്ത് ഫ്രണ്ട് നേതാവിന് പരിക്ക്

തിരുവല്ല: മുഖംമൂടി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായ പരിക്കുകളോടെ യൂത്ത് ഫ്രണ്ട് നേതാവ് ആശുപത്രിയില്‍. യൂത്ത് ഫ്രണ്ട്(എം) തിരുവല്ല നിയോജക മണ്ഡലം മുന്‍ പ്രസിഡന്റ് പടിഞ്ഞാറ്റോതറ കലേമണ്ണില്‍ ബിനു കുരുവിള (42) ആണ് കൈകാലുകള്‍ക്കും, തലയ്ക്കും, മുഖത്തിനും പരിക്കേറ്റ് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്നത്.
ശനിയാഴ്ച രാത്രി 12.15ഓടെ മുഖംമൂടിസംഘം ബിനുവിനെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. പുറത്ത് പോയിരുന്ന ബിനു വീട്ടിലെത്തിയ സമയം വീടിന് സമീപം പതുങ്ങിയിരുന്ന രണ്ടംഗ സംഘം ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് ആക്രമിച്ചത്.
അക്രമം തടയാന്‍ ശ്രമിച്ച ബിനുവിന്റെ വലത് കൈ തല്ലി ഒടിച്ചു. മറിഞ്ഞു വീണ ബിനുവിന്റെ വലത് കാലും തല്ലി ഒടിച്ചു. ബിനുവിന്റെ നിലവിളി കേട്ട് വീട്ടുകാര്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ കയറി രക്ഷപെട്ടു.
ഇന്നലെ നടന്ന ക്‌നാനായ സമുദായ ക്‌നാനായ കോണ്‍ഗ്രസ് കേന്ദ്ര സമിതി തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്നു ബിനു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അക്രമത്തിന് കാരണമായതെന്നാണ് പോലിസിന്റെ നിഗമനം. സംഭവത്തില്‍ തിരുവല്ല പോലിസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം ഇന്നലെ വൈകുന്നേരം വന്നതോടെ ബിനു കുരുവിള വൈസ് പ്രസിഡന്റ് സ്ഥാനത്തും എത്തി.

RELATED STORIES

Share it
Top