മുക്കൂട്ടുതറയ്ക്ക് അഭിമാനമായി ലിബിന് വെള്ളി മെഡല്‍

എരുമേലി: ദേശീയ തലത്തില്‍ വിജയികളായവരെ മാത്രം പങ്കെടുപ്പിച്ച് കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന അന്തര്‍ ദേശീയ ഭാരോദ്വഹന മല്‍സരത്തില്‍  മുക്കൂട്ടുതറ 35 ചെങ്ക്രോത്ത് ലിബിന്‍ ജേക്കബിന് രണ്ടാം സ്ഥാനം. കഴിഞ്ഞ ജൂണില്‍ മഹാരാഷ്ട്രയിലെ ചന്ദ്രാപ്പൂരിലായിരുന്നു ദേശീയ മല്‍സരം നടന്നത്. സബ് ജൂനിയര്‍ വിഭാഗത്തില്‍ 120 കിലോ ഗ്രാം ഭാരമുള്ളവരുടെ മല്‍സരത്തില്‍ അന്ന് ലിബിന്‍ 315 കിലോഗ്രാം ഭാരം ഉയര്‍ത്തി മൂന്നാം സ്ഥാനത്തെത്തി. ദേശീയ മല്‍സര വിജയികള്‍ ഏറ്റുമുട്ടിയ കഴിഞ്ഞ ദിവസം നടന്ന അന്തര്‍ ദേശീയ മല്‍സരത്തില്‍ 390 കിലോ ഗ്രാം ഭാരം ഉയര്‍ത്തിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. 18 സംസ്ഥാനങ്ങളില്‍ നിന്നുള്ള മല്‍സരാര്‍ഥികളില്‍ ലിബിന്‍ പങ്കെടുത്ത മല്‍സരത്തില്‍ ഒന്നാം സ്ഥാനം മഹാരാഷ്ട്ര സ്വദേശിയ്ക്കും മൂന്നാം സ്ഥാനം രാജസ്ഥാന്‍ സ്വദേശിക്കുമാണ് ലഭിച്ചത്. ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ഫെഡറേഷനാണ് മല്‍സരം സംഘടിപ്പിച്ചത്. പ്ലസ് ടു കഴിഞ്ഞ് കരിയര്‍ ഗൈഡന്‍സ് ക്ലാസില്‍ പങ്കെടുത്തതാണ് ലിബിന് വഴിത്തിരിവായത്. സ്‌കൂളില്‍ സബ് ജില്ലാ, ജില്ലാ തലങ്ങളില്‍ പവര്‍ ലിഫ്റ്റിങില്‍ പതിവായി ഒന്നാം സ്ഥാനം വാങ്ങിയിരുന്നു.നേരത്തെ സംസ്ഥാന തല മല്‍സരത്തില്‍ ഒന്നും നേടാതെ തോറ്റതിനാല്‍ മല്‍സര രംഗത്തു നിന്നും പൂര്‍ണമായി വിട പറഞ്ഞതായിരുന്നു ലിബിന്‍. തുടര്‍ന്ന് അധ്യാപകന്‍ പകര്‍ന്ന പ്രചോദനത്തില്‍ വീണ്ടും സംസ്ഥാന തലമല്‍സരത്തില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം മധുര പ്രതികാരമായി നേടുന്നതിലാണ് അത് എത്തിയത്. ദേശിയതലത്തില്‍ വെങ്കലം നേടിയെത്തിയപ്പോള്‍ ലിബിന് പൗരസമിതി ഉജ്ജ്വല സ്വീകരണം നല്‍കിയിരുന്നു ബാറ്ററി സര്‍വീസിങ് സ്ഥാപനം നടത്തുന്ന ജോര്‍ജ് ജേക്കബിന്റെയും  ഭാര്യ ജീനയുടെയും മകനായ ലിബിന്‍ കാഞ്ഞിരപ്പളളി എസ്ഡി കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. സഹോദരി ലിസ്.

RELATED STORIES

Share it
Top