മുക്കത്തെ മോഷണ പരമ്പര വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി

മുക്കം: മുക്കത്ത് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച രാത്രി അഞ്ച് കടകളില്‍ കവര്‍ച്ച നടത്തിയ പ്രതികളുടേതെന്ന് സംശയിക്കുന്ന ചിത്രം സിസിടിവിയില്‍ പതിഞ്ഞിരുന്നു.
ഇത്തരം തെളിവുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മോഷണം നടന്ന സ്ഥലങ്ങളില്‍ ഇന്നലെ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. പോലിസ് നായ മണം പിടിച്ച് മോഷണം നടന്ന ഗ്ലാമര്‍ ബ്യൂട്ടി സലൂണിന്റെ പിറകിലുള്ള കെട്ടിടത്തിന് അടുത്ത് വരെ ഓടി.
ഇവിടെ പൊട്ടിച്ച ബിയര്‍ കുപ്പികളും കാണപ്പെട്ടു. കെആര്‍ ബേക്കറിയില്‍ നിന്നും മണം പിടിച്ച പോലിസ് നായ മുക്കം പുതിയ സ്റ്റാന്റിനടുത്ത് വരെയാണ് ഓടിയത്.     വിരലടയാള വിദഗ്ധന്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലും പരിശോധന നടത്തി.      കഴിഞ്ഞ ദിവസം രാത്രി മുക്കം മാര്‍ക്കറ്റിലെ നാലോളം കടകളിലാണ് മോഷണം നടന്നത്.      മുക്കം മാര്‍ക്കറ്റിലെ മുഹമ്മദ് റാഷിദിന്റെ ഉടമസ്ഥതയിലുള്ള ഗ്ലാമര്‍ ബ്യൂട്ടി സലൂണില്‍ നിന്നും 40,000 രൂപയോളം മോഷണം പോയിട്ടുണ്ട്.
ഇതിന്റെ തൊട്ടടുത്തായി അനസിന്റെ ഉടമസ്ഥതയിലുള്ള അലങ്കാര മത്സ്യങ്ങളെയും പക്ഷികളെയും വില്‍പന നടത്തുന്ന കടയിലും തൊട്ടടുത്ത കോഴിക്കടയിലും പലചരക്ക് കടയിലുമാണ് മോഷണം നടന്നത്. കെആര്‍ ബേക്കറിയില്‍ മോഷണശ്രമവും നടന്നു.
കഴിഞ്ഞ വെള്ളിയാഴ്ച പട്ടാപകല്‍ മുക്കം അങ്ങാടിക്ക് സമീപം കുമാരനല്ലൂര്‍ തടപ്പറമ്പില്‍ ഭരതന്റെ വീട് കുത്തിത്തുറന്ന് സ്വര്‍ണവും, പണവും അപഹരിച്ചിരുന്നു. ഇതിന്റെ അന്വേഷണവും, താമരശേരി ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്.

RELATED STORIES

Share it
Top