മുകേഷിനെതിരേ കാസ്റ്റിങ് ഡയറക്ടര്‍

കൊല്ലം: മീ ടൂ കാംപയിനില്‍ കുടുങ്ങി നടനും കൊല്ലം എംഎല്‍എയുമായ എം മുകേഷ്. തന്നോട് ലൈംഗികമായ ദുരുദ്ദേശ്യത്തോടെ മുകേഷ് പെരുമാറിയെന്നു വെളിപ്പെടുത്തി ബോളിവുഡ് കാസ്റ്റിങ് ഡയറക്ടര്‍ ടെസ്സ് ജോസഫാണ് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് യുവതിയുടെ പ്രതികരണം. 19 വര്‍ഷം മുമ്പുള്ള സംഭവമാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
കോടീശ്വരന്‍ പരിപാടിയുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഹോട്ടലില്‍ താമസിക്കുമ്പോഴാണ് സംഭവം. തന്റെ മുറിയിലേക്ക് മുകേഷ് നിരവധി തവണ വിളിച്ചു. ശല്യം കൂടിയപ്പോള്‍ സുഹൃത്തിന്റെ മുറിയിലേക്ക് മാറേണ്ടിവന്നു. പിന്നീട് ഹോട്ടല്‍ അധികൃതര്‍ തന്റെ മുറി മുകേഷിന്റെ മുറിയുടെ അടുത്തേക്ക് മാറ്റി. മുകേഷിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്.
തനിക്കന്ന് 20 വയസ്സായിരുന്നു. ചാനല്‍ മേധാവിയുമായി ഇക്കാര്യം സംസാരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍ ആയിരുന്നു ചാനല്‍ മേധാവി. അദ്ദേഹമെത്തി തനിക്കു ഫ്‌ളൈറ്റ് ടിക്കറ്റ് എടുത്തുനല്‍കുകയായിരുന്നു. മുകേഷിന്റെ ഫോട്ടോ ഉള്‍പ്പെടെ പോസ്റ്റ് ചെയ്തായിരുന്നു ടെസ്സിന്റെ ട്വീറ്റ്.
എന്നാല്‍, ആരോപണങ്ങള്‍ നിഷേധിച്ച് നടന്‍ മുകേഷ് രംഗത്തെത്തി. ടെസ്സ് ജോസഫ് എന്ന സ്ത്രീയെ താന്‍ ഓര്‍ക്കുന്നുപോലുമില്ലെന്ന് മുകേഷ് പറഞ്ഞു. ആരോപണങ്ങളെ ചിരിച്ചുതള്ളുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം, തന്നെ രാജിവയ്പിക്കാനുള്ള ഗൂഢാലോചനകളുടെ ഭാഗമാണോ ആരോപണമെന്ന് സംശയമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം, മുകേഷിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും ബിജെപിയും കൊല്ലത്തെ എംഎല്‍എയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. ഇന്നു കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ എംഎല്‍എയുടെ ഓഫിസിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top