മുംബൈയോട് തോറ്റു ; സഹതാരങ്ങളോട് പൊട്ടിത്തെറിച്ച് ഗംഭീര്‍കൊല്‍ക്കത്ത: അനായാസം ജയിക്കാവുന്ന കളിയില്‍ മുംബൈയോട് ഏറ്റുവാങ്ങിയ തോല്‍വിയുടെ ദേഷ്യം അടക്കിവെയ്ക്കാനാവാതെ കൊല്‍ക്കത്ത ടീം നായകന്‍ ഗൗതം ഗംഭീര്‍. മല്‍സര ശേഷം രൂക്ഷമായ ഭാഷയിലാണ് ഗംഭീര്‍ സഹതാരങ്ങളെ വിമര്‍ശിച്ചത്. ഈ പ്രകടനം വച്ചാണ് മുന്നേറുന്നതെങ്കില്‍ പ്ലേ ഓഫില്‍ കടന്നിട്ടും പ്രയോജനമില്ല. സ്വന്തം മൈതാനത്ത് ഒരു ഘട്ടത്തില്‍ 40 പന്തില്‍ 48 റണ്‍സ് മതിയായിരുന്ന കൊല്‍ക്കത്ത വെറും 9 റണ്‍സിനാണ് കളി തോറ്റത്.വിക്കറ്റിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ 174 റണ്‍സ് ജയിക്കാവുന്ന സ്‌കോറായിരുന്നു. ഒരു ബാറ്റ്‌സ്മാനെങ്കിലും അവസാനം വരെ നിന്നെങ്കില്‍ കളി ജയിച്ചേനെ. നിരുത്തരവാദപരമായ ഷോട്ടുകള്‍ എന്നാണ് ഗംഭീര്‍ പറഞ്ഞത്. എല്ലാത്തിലും വലിച്ചടിക്കാനായിരുന്നു ശ്രമം. 12 , 13 ഓവറില്‍ കളി തീര്‍ക്കാന്‍ എന്ന പോലെയാണ് ഞങ്ങള്‍ കളിച്ചത്. ഇത് പോലെയാണ് കളിയെങ്കില്‍ പ്ലേ ഓഫിലെത്തിയിട്ടൊന്നും കാര്യമില്ല. മെച്ചപ്പെട്ടേ പറ്റൂ.  ഗംഭീര്‍ പറഞ്ഞു.കഴിവിന്റെ പരമാവധി ശ്രമിച്ച് ട്രോഫിയും കൊണ്ട് തിരിച്ചെത്താനാകും തങ്ങളുടെ ലക്ഷ്യമെന്ന് കളിക്ക് ശേഷം ടീം ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാന്‍ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ രണ്ട് കളികള്‍ അടുത്തെത്തി തോറ്റു. ഇനി മുന്നിലുള്ള മൂന്ന് കളികളും ജയിച്ചേ പറ്റൂ. അതിനാകും ഇനിയുള്ള ശ്രമം. കൊല്‍ക്കത്തയുടെ ആരാധകര്‍ക്ക് നന്ദി പറയാനും ഷാരൂഖ് ഖാന്‍ മറന്നില്ല.

RELATED STORIES

Share it
Top