മുംബൈയിലെ ശിവജി പ്രതിമ നിര്‍മാണത്തിന് 63 കോടി കൂടി അനുവദിച്ചു

മുംബൈ: ലോകത്തെ ഏറ്റവും ഉയരം കൂടിയ സ്മാരകം എന്ന ഖ്യാതി ചൈനയില്‍ നിന്നു തട്ടിയെടുക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഛത്രപതി ശിവജി പ്രതിമാ നിര്‍മാണത്തിന് 63 കോടി രൂപ കൂടി ചെലവാക്കും. പ്രതിമയുടെ സുരക്ഷാ സൗകര്യങ്ങളൊരുക്കുന്നതിനു മറ്റൊരു 18 കോടിയും നീക്കിവയ്ക്കും.
അറബിക്കടലില്‍ നിര്‍മിക്കുന്ന കിങ് ശിവജി പ്രതിമയ്ക്കു രണ്ടു മീറ്റര്‍ ഉയരം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിനു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള സമിതി ബുധനാഴ്ച്ച അംഗീകാരം നല്‍കി. ഇതോടെ പ്രതിമയുടെ ഉയരം 212 മീറ്ററാവും. ചൈനയില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സ്പ്രിങ് ടെംപിള്‍ ബുദ്ധയേക്കാള്‍ രണ്ടു മീറ്റര്‍ കൂടുതലാണിത്. നേരത്തെ ചൈനീസ് സ്മാരകത്തിന്റെ ഉയരം 208 മീറ്ററായിരുന്നു.
ഇതു വര്‍ധിപ്പിക്കാനുള്ള ചൈനയുടെ തീരുമാനത്തിന് പിന്നാലെയാണു മഹാരാഷ്ട്രയും കോടികള്‍ വലിച്ചെറിഞ്ഞ് ഉയരം കൂട്ടാന്‍ ഒരുങ്ങുന്നത്. ചൈനീസ് തീരുമാനത്തിനു അനുസരിച്ച് ശിവജിപ്രതിമയുടെ പ്ലാനില്‍ മാറ്റംവരുത്തുമെന്ന് മെയ് മാസത്തില്‍ ഫഡ്‌നാവിസ് പറഞ്ഞിരുന്നു.
2500 കോടി രൂപയ്ക്കാണു ലാര്‍സന്‍ ആന്റ് ടൂബ്രോ കമ്പനിക്ക് പ്രതിമ നിര്‍മാണത്തിനുള്ള കരാര്‍ നല്‍കിയത്. പ്രതിമയുടെ മൊത്തം ചെലവ് 2581 കോടി രൂപയാണ്. 126 മീറ്റര്‍ ഉയരത്തിലുള്ള പ്രതിമയ്ക്കും 86 മീറ്റര്‍ ഉയരത്തിലുള്ള ഇരുനില തറയ്ക്കും ചുറ്റുമായി നൂറുകണക്കിന് ക്ലോസ്ഡ് സര്‍ക്യൂട്ട് കാമറകള്‍ സ്ഥാപിക്കും.
പട്രോളിങിന് സ്പീഡ് ബോട്ടുകളും ഒരുക്കും. പ്രതിമ ഉള്‍പ്പെടുന്ന ചെറുദ്വീപിന് ചുറ്റുമായി 14 മീറ്റര്‍ ഉയരത്തിലുള്ള മതിലുണ്ടാവും. സഞ്ചാരികളുടെ വരവും പോക്കും നിരീക്ഷിക്കാന്‍ സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമും ഒരുക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top