മുംബൈക്ക് 163 റണ്‍സ് വിജയ ലക്ഷ്യം ; പൂനെ 20 ഓവറില്‍ നാല് വിക്കറ്റിന് 162 റണ്‍സ്മുംബൈ: റൈസിങ് പൂനെ സൂപ്പര്‍ജയന്റിനെ തകര്‍ത്ത് ഐപിഎല്ലിന്റെ ഫൈനല്‍ ബര്‍ത്തുറപ്പിക്കാന്‍ മുംബൈക്ക് വേണ്ടത് 163 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത പൂനെ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് അടിച്ചെടുത്തത്. 18 ഓവറില്‍ മൂന്ന് വിക്കറ്റിന് 121 എന്ന നിലയില്‍ തകര്‍ന്ന പൂനെയെ അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത എംഎസ് ധോണിയാണ്(40) 162 എന്ന സ്‌കോറിലേക്കെത്തിച്ചത്. അജിന്‍ക്യ രഹാനെ(56) മനോജ് തിവാരി(58) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് പൂനെയുടെ ബാറ്റിങിന് അടിത്തറയേകിയത്. മുംബൈക്ക് വേണ്ടി മിച്ചല്‍ മഗ്ലെങ്ങന്‍, ലസിത് മലിംഗ, കരണ്‍ ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പൂനെയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപണിങ്ങില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുന്ന രാഹുല്‍ ത്രിപതി (0) ആദ്യ ഓവറില്‍ തന്നെ മടങ്ങി. മഗ്ലെങ്ങനായിരുന്നു വിക്കറ്റ്. രണ്ടാം ഓവറില്‍ ലസിത് മലിംഗയ്ക്ക് മുന്നില്‍ സ്റ്റീവ് സ്മിത്തും വീണതോടെ പൂനെ സ്‌കോര്‍ബോര്‍ഡ് രണ്ടോവറില്‍ രണ്ട് വിക്കറ്റിന് ഒമ്പത് റണ്‍സെന്ന നിലയിലായിരുന്നു. വന്‍ തകര്‍ച്ചയിലേക്ക് നീങ്ങിയ പൂനെയെ മൂന്നാം വിക്കറ്റിലൊത്തുചേര്‍ന്ന രഹാനെയും മനോജ് തിവാരിയും ചേര്‍ന്ന് രക്ഷിക്കുകായിരുന്നു. 43 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സറും സഹിതം 56 റണ്‍സെടുത്ത രഹാനെയെ കരണ്‍ ശര്‍മ മടക്കുമ്പോള്‍ പൂനെ 12.4 ഓവറില്‍ മൂന്ന് വിക്കറ്റിന് 89 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ഐപിഎല്ലില്‍ 3000 റണ്‍സും പൂര്‍ത്തിയാക്കി. പതിയെ തുടങ്ങി മനോജ് തിവാരി 48 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറും സഹിതമാണ് 58 റണ്‍സ് അടിച്ചെടുത്തത്. 18 പന്തില്‍ 14 റണ്‍സെന്ന നിലയില്‍ പതറി നിന്ന ധോണി അവസാന ഓവറുകളില്‍ കൊടുങ്കാറ്റായി. മഗ്ലെങ്ങന്‍ എറിഞ്ഞ 19ാം ഓവറില്‍ മൂന്ന് സിക്‌സറുകള്‍ സഹിതം 26 റണ്‍സാണ് പൂനെ അടിച്ചെടുത്തത്. അവസാന ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബൂംറ രണ്ട് സിക്‌സര്‍ വഴങ്ങി 15 റണ്‍സ് വിട്ടുനല്‍കിയപ്പോള്‍ പൂനെയുടെ സ്‌കോര്‍ബോര്‍ഡ് 20 ഓവറില്‍ നാല് വിക്കറ്റിന് 162 എന്ന ഭേദപ്പെട്ട നിലയിലേക്കെത്തി. അവസാന ഓവറിലെ അവസാന പന്തില്‍ തിവാരി റണ്ണൗട്ടായി.

RELATED STORIES

Share it
Top