മീ ടൂ: നിയമസാധ്യത പരിശോധിക്കാന്‍ മന്ത്രിസഭാ സമിതി

ന്യൂഡല്‍ഹി: മീ ടൂ കാംപയിനില്‍ കുടുങ്ങി കേന്ദ്രമന്ത്രി എം ജെ അക്ബര്‍ രാജിവയ്ക്കുകയും വിവിധ മേഖലയിലെ ഉന്നതര്‍ ആരോപണവിധേയരാവുകയും ചെയ്ത സാഹചര്യത്തില്‍ ഇക്കാര്യത്തിലെ നിയമസാധ്യതകള്‍ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമിതി രൂപീകരിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ ഉപസമിതിയില്‍ ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍, വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി എന്നിവരും അംഗങ്ങളാണ്.
കാംപയിന്റെ ഭാഗമായി ഇതിനകം പുറത്തുവന്ന വെളിപ്പെടുത്തലുകള്‍ മിക്കതും രണ്ടുമുതല്‍ 30 വര്‍ഷം മുമ്പു വരെയുള്ള സംഭവങ്ങളായതിനാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കുമോ, നിയമപരമായി അധികൃതര്‍ക്കു നല്‍കാതെ സാമൂഹിക മാധ്യമങ്ങളിലൂടെ ഉന്നയിക്കുന്ന ആരോപണങ്ങളുടെ നിയമസാധുത തുടങ്ങിയ കാര്യങ്ങളാവും സമിതി പരിശോധിക്കുക.
“തൊഴിലിടത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമം (തടയലും നിരോധിക്കലും പരിഹരിക്കലും) നിയമം’ആണ് ജോലിസ്ഥലത്ത് സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ നേരിടാന്‍ നിലവിലുള്ളത്. എന്നാല്‍, വര്‍ഷങ്ങള്‍ക്കു ശേഷമുള്ള വെളിപ്പെടുത്തലുകളുടെ വിശ്വാസ്യതയുള്‍പ്പെടെയുള്ള നടപടികളാണ് മീ ടൂ വിഷയത്തെ സങ്കീര്‍ണമാക്കുന്നത്. ഈ സാഹചര്യത്തില്‍ നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്തിയോ കൂട്ടിച്ചേര്‍ത്തോ ഇതിനെ നേരിടാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആലോചന. തൊഴിലിടത്തില്‍ സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. മീ ടൂ പ്രചാരണങ്ങള്‍ തുടങ്ങിയതിനു പിന്നാലെ ഇ-മെയില്‍ മുഖേന പരാതി നല്‍കാനുള്ള “ഷി ബോക്‌സ്’ സംവിധാനം നേരത്തേ വനിതാ ശിശുക്ഷേമ മന്ത്രാലയം തുടങ്ങിയിരുന്നു. ഷി ബോക്‌സിലേക്ക് ആരെങ്കിലും പരാതി അയച്ചാല്‍ അതു വൈകാതെ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു കൈമാറി നടപടിക്കു നിര്‍ദേശം നല്‍കുന്ന വിധത്തിലാണ് അതിന്റെ സംവിധാനം.

RELATED STORIES

Share it
Top