'മീശ' പ്രസിദ്ധീകരിക്കാന്‍ തയ്യാര്‍: ചെന്നിത്തല

ന്യൂഡല്‍ഹി: സംഘപരിവാര ഭീഷണിയെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന് പിന്‍വലിച്ച എസ് ഹരീഷിന്റെ “മീശ’ നോവല്‍ തന്റെ നിയന്ത്രണത്തിലുള്ള ശ്രേഷ്ഠാ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ഹരീഷിനെ അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ഹരീഷിനെതിരേയുള്ള ഭീഷണിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഭീഷണിപ്പെടുത്തിയവര്‍ക്കെതിരേ പോലിസ് നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.‘
“മീശ’ എന്ന നോവല്‍ വര്‍ഗീയവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് പിന്‍വലിക്കാനുള്ള എഴുത്തുകാരന്‍ എസ് ഹരീഷിന്റെ തീരുമാനം രാജ്യത്തു നിലനില്‍ക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ പ്രതിഫലനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി പറഞ്ഞു.
അസഹിഷ്ണുതയുടെ ഇരുണ്ട കരങ്ങള്‍ പ്രബുദ്ധമെന്നു നാം കരുതിയിരുന്ന കേരളത്തിലും പിടിമുറുക്കുന്നുവെന്നത് ആശങ്കാജനകമാണ്. ഇത്തരം ഭീഷണികളുടെ മുന്നില്‍ മുട്ടുമടക്കി നോവല്‍ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ നിന്ന് എഴുത്തുകാരന്‍ പിന്മാറണം.
കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ ഇത്തരം അസഹിഷ്ണുതാവാദികളെ ഒറ്റപ്പെടുത്തുമെന്നും കെ സി വേണുഗോപാല്‍ എംപി പ്രസ്താവനയില്‍ പറഞ്ഞു.

RELATED STORIES

Share it
Top