മീശ പിന്‍വലിക്കുന്നു: പുസ്തകമാക്കുന്നില്ല; ഭരിക്കുന്നവര്‍ക്കെതിരേ പോരാടാനുള്ള കരുത്തില്ലെന്നും മാതൃഭൂമിയില്‍ എസ് ഹരീഷ്

കോഴിക്കോട്: മാതൃഭൂമി ആഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന മീശ നോവല്‍ പിന്‍വലിക്കുകയാണെന്നും ഉടന്‍ പുസ്തക രൂപത്തിലാക്കാന്‍ തയ്യാറല്ലെന്നും എഴുത്തുകാരന്‍ എസ് ഹരീഷ്. ഇന്ന് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപതിപ്പിലാണ് ഹരീഷിന്റെ കുറിപ്പുള്ളത്. സമൂഹം വൈകാരികത അടങ്ങി നോവല്‍ ഉള്‍കൊള്ളാന്‍ പാകപ്പെട്ടു എന്ന് തോന്നുന്ന സമയത്ത് ഇത് പുറത്തിറക്കും. രാജ്യം ഭരിക്കുന്നവര്‍ക്കെതിരേ പോരാടാനുള്ള കരുത്തില്ലെന്നും ഉപദ്രവിക്കുന്നവര്‍ക്കെതിരേ നിയമ നടപടിയുമായി പോവില്ലെന്നും അദ്ദേഹം പറയുന്നു.ഒരു സംസ്ഥാന നേതാവ് ചാനല്‍ ചര്‍ച്ചക്കിടെ തന്റെ മുഖത്ത് അടിക്കുമെന്ന് പറഞ്ഞു.ഭാര്യയെയും കൊച്ചുകുഞ്ഞുങ്ങളെയും വിവാദത്തിലേക്ക് വലിച്ചിഴച്ചു. അവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള അസഭ്യ പ്രചാരണം ഇപ്പോഴും തുടരുകയാണ്. സാമൂഹ്യമാധ്യമങ്ങള്‍ വഴി നിരന്തരം ഭീഷണിയുണ്ട്. വനിതാ കമ്മീഷനിലടക്കം തനിക്കെതിരേ നിരവധി കേസുകളുണ്ടെന്നും കുറിപ്പില്‍ പറയുന്നു. അഞ്ച് വര്‍ഷത്തോളത്തെ അധ്വാനഫലമാണ് ഈ നോവല്‍.എന്നാല്‍ അതിലെ ഏതാനും ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ചിലര്‍ വിദ്വേഷ പ്രചാരണം നടത്തുകയായിരുന്നുവെന്നും ഹരീഷ് പറയുന്നു.മാതൃഭൂമിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഹരീഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

RELATED STORIES

Share it
Top