'മീശ' നോവലിനെതിരായ ഹരജി തള്ളി

ന്യൂഡല്‍ഹി: എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ നിരോധിക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി. ഭരണഘടനാപരമായ നിയമങ്ങളെയൊന്നും നേരിട്ടു ലംഘിക്കുന്നില്ലെങ്കില്‍ എഴുത്തുകാരന് തന്റെ സൃഷ്ടിയില്‍ ഏതു സന്ദര്‍ഭവും ആവിഷ്‌കരിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്ന് കോടതി വ്യക്തമാക്കി. ആരോപണങ്ങളുടെ പേരില്‍ പുസ്തകങ്ങള്‍ നിരോധിച്ചാല്‍ ക്രിയാത്മക സൃഷ്ടികള്‍ ഉണ്ടാവില്ല. അഭിപ്രായസ്വാതന്ത്ര്യം എന്നത് ഒരു പരിഷ്‌കൃത സമൂഹത്തോട് അങ്ങേയറ്റം ചേര്‍ന്നുനില്‍ക്കുന്ന വസ്തുതയാണ്. ഒരു പ്രത്യേക വിശ്വാസത്തെ പിന്തുടരുന്ന സ്ത്രീകളെ അപമാനിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി പുസ്തകം നിരോധിക്കണമെന്ന ഹരജിക്കാരന്റെ ആവശ്യം അംഗീകരിക്കാനാവില്ല. ബൗദ്ധികമായ ഭീരുത്വമാണ് എഴുത്തുകാരന്റെ ഏറ്റവും വലിയ ശത്രുവെന്നും കോടതി ചൂണ്ടിക്കാട്ടി.ഡല്‍ഹി മലയാളിയായ എന്‍ രാധാകൃഷ്ണനാണ് നോവല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രിംകോടതിയെ സമീപിച്ചത്. നോവല്‍ ബ്രാഹ്മണ പുരോഹിതരെ ജാതീയമായും വംശീയമായും അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും ക്ഷേത്രദര്‍ശനം നടത്തുന്ന സ്ത്രീകളെ അപമാനിക്കുന്നുവെന്നുമായിരുന്നു പരാതി.

RELATED STORIES

Share it
Top