മീറ്റ് റെക്കോഡിനു ദാരിദ്ര്യം

തിരുവനന്തപുരം: പ്രളയത്തെത്തുടര്‍ന്ന് മാറ്റു കുറഞ്ഞ 62ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മീറ്റ് റെക്കോഡുകള്‍ക്കും ദാരിദ്ര്യം. രണ്ട് ദിവസം പിന്നിട്ടപ്പോള്‍ നാല് മീറ്റ് റെക്കോഡുകള്‍ മാത്രമാണ് പിറന്നത്. ഇത്തവണ ആദ്യദിനത്തില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടിലും ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററിലും രണ്ടാംദിവസം സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപിലും ജൂനിയര്‍ ആണ്‍കുട്ടികളുടെ 4ഃ 100 റിലേയിലുമാണ് നിലവിലെ റെക്കോഡുകള്‍ തിരുത്തിക്കുറിച്ചത്.
ഇന്നലെ എറണാംകുളം എംഎ കോളജ് ഓഫ് സ്‌പോര്‍ട്‌സിലെ സാന്ദ്രാ ബാബുവാണ് 12.81 ദൂരം ചാടി മുന്‍ റെക്കോഡായ 12.78 തിരുത്തിയത്. തുണ്ടത്തില്‍ എംവിഎച്ച്എസ്എസിലെ ജെനിമോള്‍ ജോയിയുടെ പേരിലായിരുന്നു മീറ്റ് റെക്കോഡ്. റിലേ 4ഃ100 മീറ്ററില്‍ തിരുവനന്തപുരം ജില്ലയുടെ താരങ്ങളാണ് പുതിയ റെക്കോഡിട്ടത്. 43.85 സെക്കന്റിലാണ് പുതിയ പിറവി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ സി എ മുഹമ്മദ് ബാസിം 4.06 മീറ്ററിലാണ് പോളിലുയര്‍ന്ന് ചാടിയത്. കോതമംഗലം മാര്‍ബേസിലിലെ അനീഷ് മധുവിന്റെ പേരിലുള്ള 4.05 മീറ്ററാണ് വെട്ടിമാറ്റിയത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ മേഴ്‌സിക്കുട്ടന്റെ ശിഷ്യ എറണാകുളം തേവര എസ്എച്ച്എസിലെ എ എസ് സാന്ദ്ര മാറ്റിയതാവട്ടെ പി ടി ഉഷയുടെ ശിഷ്യ ജസ്‌ന മാത്യു 2016ല്‍ നേടിയ 56.04 എന്ന റെക്കോഡാണ്.
സാന്ദ്ര റെക്കോഡ് തിരുത്തിയത് 55.95 സെക്കന്റിലാണെന്നത് രണ്ടു മുന്‍ ഒളിംപ്യന്മാര്‍ക്കുമിടയിലെ മത്സര ബുദ്ധി പ്രകടമാക്കി. മീറ്റ് ഇന്ന് സമാപിക്കാനിരിക്കെ പുതിയ റെക്കോഡുകള്‍ പിറക്കുമോയെന്ന് കണ്ടറിയണം. കഴിഞ്ഞ വര്‍ഷം ഏഴ് റെക്കോഡുകള്‍ പിറന്നിരുന്നു. കഴിഞ്ഞ മീറ്റില്‍ ജൂനിയര്‍ ബോയ്‌സ് 200 മീറ്ററിലും 400 മീറ്ററിലും 100 മീറ്ററിലും ലോങ്ജംപിലും ജാവലിന്‍ ത്രോയിലും ഹാമര്‍ ത്രോയിലും ജൂനിയര്‍ ഗേള്‍സ് 200 മീറ്ററിലും ഡിസ്‌കസ് ത്രോയിലുമാണ് റെക്കോഡിട്ടത്. ഇതിലൊന്നും ആരും ഇത്തവണ തിരുത്തിയിട്ടില്ല.
1983ല്‍ 4ഃ100 റിലേയില്‍ കണ്ണൂര്‍ നേടിയ സബ്ജൂനിയര്‍ വിഭാഗം റെക്കോഡിനും 1987ല്‍ സബ്ജൂനിയര്‍ വിഭാഗം കണ്ണൂരിലെ സിന്ധു മാത്യുവിന്റെ പേരിലുള്ള (100,200) റെക്കോഡിനും 1988ലെ ജൂനിയര്‍ വിഭാഗം നൂറുമീറ്ററില്‍ ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കുളിലെ രാംകുമാര്‍, പെണ്‍കുട്ടികളില്‍ കണ്ണൂരിന്റെ ഷെര്‍ലി മാത്യു (12.10 സെക്കന്റ്) എന്നിവരുടെ റെക്കോഡിനും ജൂനിയര്‍ ഗേള്‍സ് റിലേയില്‍ കണ്ണൂര്‍ നേടിയ റെക്കോഡിനും ഇതുവരെ ഇളക്കം പറ്റിയിട്ടില്ല. പ്രളയത്താല്‍ പലരുടേയും പരിശീലനം മുടങ്ങിയതും സൗകര്യങ്ങളുള്ളവര്‍ക്ക് സമയം ലഭിക്കാത്തതും മൂലമാണ് ഇത്തവണത്തെ റെക്കോഡുകളുടെ വരവിന് കുറവ് വന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

RELATED STORIES

Share it
Top