മീപ്പുഗിരി പള്ളിക്കു നേരെ ആക്രമണം: ഗൂഢാലോചനയുണ്ടെന്ന് നാട്ടുകാര്‍

കാസര്‍കോട്: കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മീപ്പുഗിരി രിഫായിയ്യ ജുമാമസ്ജിദിന് നേരേയുണ്ടായ അക്രമത്തിന് പിന്നില്‍ ഗുഢാലോചനയുണ്ടെന്ന് നാട്ടുകാര്‍.
സംഭവത്തില്‍ കാസര്‍കോട് പോലിസ് പ്രായപൂര്‍ത്തിയാവാത്ത മൂന്നു പേരേയും ചൂരി സാബിത്ത് വധക്കേസിലെ പ്രതി അണങ്കൂര്‍ ജെപി കോളനിയിലെ അക്ഷയ് എന്ന മുന്ന(25)യേയും അറസ്റ്റ് ചെയ്തിരുന്നു. പള്ളിയില്‍ സുബ്ഹി നമസ്‌ക്കാരത്തിന് എത്തിയവര്‍ക്കാണ് പള്ളി കോംപൗണ്ടില്‍ സ്ഥാപിച്ച സ്വലാത്തിന്റെ ഫഌക്‌സ് ബോര്‍ഡും കൊടിയും നശിപ്പിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പള്ളി കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും പള്ളിയില്‍ സ്ഥാപിച്ച സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോഴാണ് നാലംഗ സംഘം പള്ളി കോംപൗണ്ടില്‍ കയറുന്നതിന്റെയും ഫഌക്‌സും കൊടിയും നശിപ്പിക്കുന്ന ദൃശ്യം കണ്ടത്.
അക്രമികള്‍ മൊബൈല്‍ ഫോണില്‍ ആരോടോ സംസാരിക്കുന്നതിന്റെ ദൃശ്യം കണ്ടതോടെയാണ് പള്ളി അക്രമിക്കാന്‍ ഗൂഡാലോചന നടന്നിട്ടുള്ളതായി മനസിലാവുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ദൃശ്യങ്ങള്‍ പോലിസിന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ കൈമാറിയിരുന്നു. അക്രമികളുടെ മുഖം കാമറയില്‍ വ്യക്തമായതോടെ പോലിസ് ആദ്യം ഒരാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് മറ്റു മൂന്നു പേരേയും കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം നാലു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അക്രമികള്‍ ആരേയോ ഫോണില്‍ ബന്ധപ്പെട്ടത് പോലിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ആ നിലയ്ക്ക് അന്വേഷണം നടത്തിയിട്ടില്ല.
അറസ്റ്റിലായവരോട് ഫോ ണ്‍ വിളിച്ച കാര്യം അന്വേഷിച്ചാല്‍ ഗൂഡാലോചനയെ കുറിച്ച് അറിയാമെന്നാണ് നാട്ടുകാരും പള്ളി കമ്മിറ്റി ഭാരവാഹികളും പറയുന്നത്.

RELATED STORIES

Share it
Top