മീന്‍ വിറ്റ് സൂപ്പര്‍ സ്റ്റാറായ ഹനാന്‍ ഇനി പ്രണവിനൊപ്പം സിനിമയില്‍


കൊച്ചി: പഠനത്തിനും ജീവിക്കാനും പണം കണ്ടെത്താന്‍ കോളജ് കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ മീന്‍ വില്‍പ്പന നടത്തുന്ന ഹനാന്‍ ഇനി പ്രണവ് മോഹന്‍ലാലിനൊപ്പം സിനിമയില്‍ അഭിനയിക്കും. പാലാരിവട്ടം തമ്മനം ജങ്ഷനില്‍ വൈകുന്നേരങ്ങളില്‍ കോളജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന പെണ്‍കുട്ടിയുടെ കഥ വാര്‍ത്തയായതോടെയാണ് ഹനാനെ തേടി സിനിമാ ഭാഗ്യമെത്തിയത്. പ്രണവിന്റെ രണ്ടാം ചലച്ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഹനാന് നിര്‍ണ്ണായകമായ ഒരു വേഷം നല്‍കുമെന്ന് സംവിധായകന്‍ അരുണ്‍ ഗോപി പ്രഖ്യാപിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ ദുരിതജീവിതം മാധ്യമങ്ങളിലൂടെയാണ് സംവിധായകന്‍ അരുണ്‍ഗോപി അറിയുന്നത്.
ജീവിതത്തിലെ വെല്ലുവിളികളില്‍ വീണു പോകാതെ ഒറ്റയ്ക്കു പൊരുതി കരകയറാനുള്ള ശ്രമത്തിലാണ് തൃശൂര്‍ സ്വദേശിനിയായ ഹനാന്‍. അമ്പരപ്പിക്കുന്നതാണ് ഹനാന്റെ ജീവിത കഥ. മാടവനയില്‍ വാടകവീട്ടിലാണ് ഹനാന്റെ താമസം. പുലര്‍ച്ചെ മൂന്നുമണിക്ക് ഹനാന്റെ ഒരുദിവസം തുടങ്ങുന്നു. ഒരു മണിക്കൂര്‍ പഠനം. തുടര്‍ന്ന് കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടി ചമ്പക്കര മീന്‍ മാര്‍ക്കറ്റിലേക്ക്. അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയില്‍ കയറ്റി തമ്മനത്തേക്ക്. മീന്‍ അവിടെ ഇറക്കിവെച്ച് സൈക്കിളില്‍ താമസസ്ഥലത്തേക്ക് മടങ്ങും. 7.10ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ അല്‍ അസര്‍ കോളജിലേക്ക്. 9.30ന് അവിടെ മൂന്നാംവര്‍ഷ രസതന്ത്ര ക്ലാസില്‍ അവളെ കാണാം.
മൂന്നരയ്ക്ക് കോളേജ് വിടും. നേരെ തമ്മനത്തേക്ക്. രാവിലെ എടുത്തുവെച്ച മീന്‍പെട്ടിയെടുത്ത് കച്ചവടം തുടങ്ങും. 20 കിലോഗ്രാം മീന്‍ അരമണിക്കൂറില്‍ തീരും.
സാമ്പത്തിക പരാധീനതയാല്‍ പ്ലസ്ടു പഠനം മുടങ്ങി. ഡോക്ടറാവണമെന്നായിരുന്നു അന്ന് സ്വപ്നം. അവിടെനിന്ന് പോരാട്ടം തുടങ്ങി. എറണാകുളത്തെത്തി കോള്‍ സെന്ററിലും ഓഫീസിലും ഒരു വര്‍ഷം ജോലിചെയ്തു. കോളജ് പഠനത്തിന് അങ്ങനെ പണം കണ്ടെത്തി. ഇതിനിടെ, ചെവിക്ക് ചെറിയ തകരാറുണ്ടായി. ശസ്ത്രക്രിയ വേണ്ടിവന്നു. കോളേജ് അധികൃതരുടെ ആശുപത്രിയായതിനാല്‍ ചികിത്സയ്ക്ക് പണം വേണ്ടിവന്നില്ല.
ഇതിനിടെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. അമ്മ മാനസികമായി തകര്‍ന്നു. സഹോദരന്‍ പ്ലസ് ടുവിന് പഠിക്കുന്നു. 10 മുതല്‍ പ്ലസ് ടു വരെയുള്ള കാലം വീടുകള്‍തോറും കയറിയിറങ്ങി ട്യൂഷന്‍ എടുത്തും മുത്തുമാല കോര്‍ത്തു വിറ്റുമാണ് ഹനാന്‍ പഠനത്തിന് പണം കണ്ടെത്തിയത്. പിന്നീടാണ് എറണാകുളത്തേക്കു വന്നത്.
ഒരു മാസത്തോളം മീന്‍വില്‍പ്പനയ്ക്ക് രണ്ടുപേര്‍ സഹായിച്ചിരുന്നു. സഹോദരനെപ്പോലെ കണ്ട ഒരാളുടെ പെരുമാറ്റം തളര്‍ത്തിയപ്പോള്‍ കച്ചവടം ഒറ്റയ്ക്കായി.
ഹനാന്‍ നല്ലൊരു അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും വഴങ്ങും. കഴിവ് തിരിച്ചറിഞ്ഞ കലാഭവന്‍ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. കോളജ് ഫീസും വീട്ടുവാടകയും തൃശൂരില്‍ കഴിയുന്ന അമ്മയുടെ ആവശ്യങ്ങള്‍ക്കുള്ള ചെലവുമെല്ലാമാകുമ്പോള്‍ നല്ല തുകയാകും. പക്ഷേ, ഹനാന്റെ കഠിനാധ്വാനത്തിനുമുന്നില്‍ കടമ്പകള്‍ ഓരോന്ന് വഴിമാറുകയാണ്.

RELATED STORIES

Share it
Top