മീന്‍ ഇറക്കുന്നതിനെ ചൊല്ലി തര്‍ക്കം:തോപ്പുംപടി ഹാര്‍ബറില്‍ സംഘര്‍ഷം

മട്ടാഞ്ചേരി: തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളില്‍ നിന്നും മത്സ്യം ഇറക്കുന്നതു സംബന്ധിച്ചുള്ള തര്‍ക്കം സംഘര്‍ഷത്തിനിടയാക്കി. ഇന്‍ബോര്‍ഡ് വള്ളങ്ങളിലെ മീന്‍ ഹാര്‍ബറില്‍ ഇറക്കാന്‍ കഴിയില്ലെന്ന നിലപാട് പേഴ്‌സിന്‍ നെറ്റ് തൊഴിലാളികള്‍ എടുത്തതോടെ ഹാര്‍ബര്‍ വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. പേഴ്‌സിന്‍ ബോട്ടിലെ തൊഴിലാളികള്‍ സംഘടിച്ചെത്തിയാണ് ഇന്‍ബോര്‍ഡ് വള്ളങ്ങളില്‍ നിന്നും മീന്‍ ഇറക്കുന്നത് തടഞ്ഞത്. വൈപ്പിനിലെ കാളമുക്ക് ഹാര്‍ബറിലാണ് ഇന്‍ബോര്‍ഡ് വള്ളങ്ങളിലെ മത്സ്യം വില്‍പ്പന നടത്തുന്നത്.വിറ്റ മത്സ്യങ്ങള്‍ ഇതേ വള്ളങ്ങളില്‍ കയറ്റി തോപ്പുംപടി ഹാര്‍ബറില്‍ എത്തിച്ച് വാഹനത്തില്‍ കയറ്റി വിടുന്നതിനെ പേഴ്‌സിസിന്‍ ബോട്ടിലെ തൊഴിലാളികള്‍ കുറേ നാളുകളായി എതിര്‍ത്തു വരികയാണ്. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഹാര്‍ബറില്‍ നിരന്നുകിടക്കുന്നതിനാല്‍ പേഴ്‌സിന്‍ ബോട്ടുകള്‍ക്ക് ഇവിടെ അടുക്കാന്‍ കഴിയുന്നില്ലെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന വാദം. ബുധനാഴ്ച ഇന്‍ബോര്‍ഡ് വള്ളങ്ങളെ തടയുമെന്നു കാട്ടി കേരള പേഴ്‌സിന്‍ മത്സ്യതൊഴിലാളി യൂനിയന്‍ പോലിസില്‍ വിവരം അറിയിച്ചിരുന്നു. എന്നാല്‍ സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടു കൂടി പേഴ്‌സിന്‍ ബോട്ട് തൊഴിലാളി യൂനിയന്‍ സെക്രട്ടറി എന്‍ ജെ ആന്റ ണിയേയും മറ്റു മൂന്നു തൊഴിലാളികളേയും പോലിസ് കരുതല്‍ തടങ്കലില്‍വച്ചു. നേതാക്കളെ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞെത്തിയ ഒരു വിഭാഗം തൊഴിലാളികള്‍ തോപ്പുംപടി പോലിസ് സ്‌റ്റേഷനു മുന്നില്‍ കുത്തിയിരിക്കുകയും മീന്‍ ഇറക്കുന്നത് തടയുകയും ചെയ്തു. മീന്‍ കയറ്റിയ വാഹനങ്ങളും പേഴ്‌സിന്‍ നെറ്റ് തൊഴിലാളികള്‍ തടഞ്ഞു. ഇതോടെ ഹാര്‍ബര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മത്സ്യത്തൊഴിലാളികള്‍ പേഴ്‌സിന്‍ ബോട്ടു തൊഴിലാളികള്‍ക്കെതിരേ രംഗത്തു വന്നതോടെ സ്ഥിതി സംഘര്‍ഷഭരിതമായി. തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റവും തര്‍ക്കവും മൂര്‍ഛിച്ചതോടെ പോലിസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. പേഴ്‌സിന്‍ മത്സ്യത്തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തകരെ പോലിസ് സ്‌റ്റേഷനു മുന്നില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കസ്റ്റഡിയിലുള്ളവരെവിട്ടുതരാതെ ഇവര്‍ പിരിഞ്ഞു പോവില്ലെന്ന് അറിയിച്ചതോടെ ചര്‍ച്ചകള്‍ക്കൊടുവില്‍ കസ്റ്റഡിയിലുള്ളവരെ മോചിപ്പിക്കുകയായിരുന്നു. അതേസമയം ഹാര്‍ബറിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ വേണമെന്ന നിലപാടാണ് ഹാര്‍ബര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കുമുള്ളത്. കൂറ്റന്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിനാല്‍ പേഴ്‌സിന്‍ ബോട്ടുകള്‍ക്ക് ഹാര്‍ബറില്‍ അടുക്കാനോ മീന്‍ വില്‍പ്പന നടത്തുവാനോ കഴിയുന്നില്ലന്നാണ് പേഴ്‌സിന്‍ തൊഴിലാളികള്‍ പറയുന്നത്. തൊണ്ണൂറോളം ബോട്ടുകളാണ് ഹാര്‍ബര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. നവംബര്‍ വരെ ഹാര്‍ബറില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ അടുപ്പിക്കരുതെന്നാണ് ഇവരുടെ നിലപാട്. ആകെ മൂന്ന് മാസമാണ് പേഴ്‌സിന്‍ ബോട്ടുകള്‍ക്ക് മല്‍സ്യം ലഭിക്കുകയുള്ളൂ. ഈ സമയത്ത് ബോട്ടുകള്‍ ഫിഷിങ് ഹാര്‍ബറില്‍ അടുക്കുന്നതിനും കച്ചവടം നടത്തുന്നതിനും സാഹചര്യമൊരുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാവുന്നില്ലന്നും ഇന്‍ ബോര്‍ഡ് വള്ളങ്ങള്‍ ഹാര്‍ബര്‍ കേന്ദ്രീകരിച്ച് മത്സ്യം ഇറക്കുന്നതിനെ എതിര്‍ത്ത് സമരം ആരംഭിക്കുമെന്ന് കേരള പേഴ്‌സിസിന്‍ മത്സ്യതൊഴിലാളി യൂനിയന്‍ പ്രസിഡന്റ് ലാല്‍ കോയിപറമ്പില്‍ അറിയിച്ചു. അതേസമയം ഇത്തരം വിഷയങ്ങള്‍ നിരന്തരം ഉയര്‍ത്തുന്നത് ഹാര്‍ബറിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top