മീനുകളില്‍ മായം; റെയില്‍വേ സ്‌റ്റേഷനുകളിലും പരിശോധനതിരുവനന്തപുരം: സംസ്ഥാനത്തേക്ക് ട്രെയിന്‍ വഴിയെത്തുന്ന മീനുകളില്‍ രാസവസ്തുക്കളുണ്ടെന്ന സൂചനയെത്തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനുകളില്‍ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി.തിരുവനന്തപുരം, കൊല്ലം, കൊച്ചി, റെയില്‍വേ സ്‌റ്റേഷനുകളിലാണ് മിന്നല്‍ പരിശോധന നടത്തിയത്.
തിരുവനന്തപുരത്ത് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയത്. ശേഖരിച്ച സാമ്പിളുകളില്‍ രാസവസ്തുക്കളൊന്നും പ്രയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് മംഗലപുരം- തിരുവനന്തപുരം, മധുര- പുനലൂര്‍ എക്‌സ് പ്രസ്, മാവേലി എക്‌സ്പ്രസ് എന്നീ ട്രെയിനുകളില്‍ കൂറ്റന്‍ തെര്‍മോകോള്‍ ബോക്‌സലുകളിലാക്കി കൊണ്ടുവന്ന നെയ്മീന്‍, വേളാപ്പാര, പാര, കരിമീന്‍, കണവ, കൊഞ്ച് തുടങ്ങിയ മല്‍സ്യങ്ങളാണ് സംഘം പരിശോധിച്ചത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്‍ഫോഴ്‌സ് മെന്റ് വിഭാഗം ജോയിന്റ് കമ്മീഷണര്‍ മിനിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ പരിശോധനയ്ക്ക് ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണര്‍ കെ അജിത്ത് കുമാര്‍ നേതൃത്വം നല്‍കി.
റെയില്‍വേ സ്‌റ്റേഷനിലെത്തിയ മുഴുവന്‍ മല്‍സ്യവും സാമ്പിള്‍ ശേഖരിച്ച് പരിശോധിച്ചശേഷം സുരക്ഷിതമാണെന്ന് കണ്ടെത്തിയാലേ വിട്ടുകൊടുക്കൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്ന് പ്രത്യേക കിറ്റിലാക്കി എത്തിച്ച കരിമീന്‍ പരിശോധിച്ചെങ്കിലും രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല. എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് സാമ്പിള്‍ തിരുവനന്തപുരത്തെ റിജ്യനല്‍ അനലറ്റിക് ലാബിലേക്ക് അയക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

RELATED STORIES

Share it
Top