മീനച്ചിലാറ്റില്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഈരാറ്റുപേട്ട: പൂഞ്ഞാര്‍ കല്ലേക്കുളത്തിനു സമീപം മീനച്ചിലാറ്റില്‍ ഒറവക്കയത്തില്‍ പ്ലസ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കോട്ടയം ബേക്കര്‍ വിദ്യാപീഠ് പ്ലസ്ടു വിദ്യാര്‍ഥി (കൊമേഴ്‌സ് വിഭാഗം) മുഹമ്മദ് റിയാസ് (17), ഇതേ സ്‌കൂളിലെ പ്ലസ്ടു (സയന്‍സ് വിഭാഗം) വിദ്യാര്‍ഥി ക്രിസ്റ്റഫര്‍ എബ്രഹാം (17) എന്നിവരാണു മരിച്ചത്. തിരുനക്കര പുത്തന്‍പള്ളി ജുമാമസ്ജിദ് പരിപാലനസമിതി സെക്രട്ടറിയും വ്യാപാരിയുമായ എന്‍ എ ഹബീബിന്റെ മകനാണ് റിയാസ്. കോട്ടയം സിഎംഎസ് കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ എബ്രഹാം ജേക്കബിന്റെ മകനാണ് ക്രിസ്റ്റഫര്‍. ഇതേ സ്‌കൂളിലെ സഹപാഠികളായ തിരുവനന്തപുരം മങ്ങാട്ട് വിജയ കോട്ടേജില്‍ എബിന്‍ (17), കോട്ടയം ചിറക്കരോട്ട് കണ്ണന്‍പിള്ളയുടെ മകന്‍ അമല്‍രാഗ് (17) എന്നിവരോടൊപ്പമാണ് റിയാസും ക്രിസ്റ്റഫറും ഒറവക്കയത്തിലെത്തിയത്. ചൊവ്വാഴ്ച രാവിലെ പൂഞ്ഞാറിലെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനായാണ് നാലംഗസംഘം കോട്ടയത്തുനിന്നു ബസ്സില്‍ പൂഞ്ഞാറിലേക്ക് പുറപ്പെട്ടത്. രാവിലെ 10 മണിയോടെ സ്ഥലത്തെത്തിയ സംഘം കുളികഴിഞ്ഞ് സമീപമുള്ള പാറയില്‍ വിശ്രമിക്കുന്നതിനിടെ ക്രിസ്റ്റഫര്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണു. ക്രിസ്റ്റഫറിനെ രക്ഷിക്കാന്‍ വേണ്ടി റിയാസ് ഒപ്പംചാടി. എന്നാല്‍, ഇരുവരും മുങ്ങിത്താഴുകയായിരുന്നു. ഈരാറ്റുപേട്ടയില്‍നിന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം കുമാരനല്ലൂര്‍ ദിനേശ് ഭവനിലായിരുന്നു റിയാസിന്റെ താമസം. മാതാവ്: ഷാമില- ഈരാറ്റുപേട്ട കാരക്കാട് കുടുംബാംഗം. സഹോദരങ്ങള്‍: നസ്രിയ, ആയിഷ (കോട്ടയം സിഎംഎസ് കോളജ് ബിരുദവിദ്യാര്‍ഥി).

RELATED STORIES

Share it
Top