മി ടൂ കാംപയിനില്‍ കുടുങ്ങി വികാസ് ബാഹ്‌ലും ചേതന്‍ ഭഗതും

ന്യൂഡല്‍ഹി: പ്രമുഖരുടെ ലൈംഗികാതിക്രമങ്ങള്‍ തുറന്നുപറയുന്ന മി ടൂ കാംപയിനില്‍ കുടുങ്ങി പ്രമുഖ നോവലിസ്റ്റ് ചേതന്‍ ഭഗത്, ഹോളിവുഡ് സംവിധായകന്‍ വികാസ് ബാഹ്ല്‍, ടൈംസ് ഓഫ് ഇന്ത്യ മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററും ഡിഎന്‍എ എഡിറ്റര്‍ ഇന്‍ ചീഫുമായ ഗൗതം അധികാരി എന്നിവര്‍. ഇവരുടെ വാക്കാലുള്ളതും അല്ലാത്തതുമായ ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ചു സോഷ്യല്‍ മീഡിയയിലാണ് സ്ത്രീകള്‍ തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്.
പ്രമുഖ ബോളിവുഡ് സിനിമയായ 'ക്വീനി'ന്റെ സംവിധായകനാണു വികാസ് ബാഹ്ല്‍. പ്രൊഡക്ഷന്‍ കമ്പനിയായ ഫാന്റം ഫിലിംസിലെ മുന്‍ ജീവനക്കാരിയാണു വികാസിനെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വികാസ്, അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്‌വാന്‍, മധു മന്റേന എന്നിവരുടേതാണ് കമ്പനി.
2015 മെയില്‍ ഗോവയിലെ ഒരു ഹോട്ടലില്‍ വച്ച് വികാസ് തന്നോടു മോശമായി പെരുമാറിയെന്നാണു പെണ്‍കുട്ടിയുടെ ആരോപണം. ഇക്കാര്യത്തെക്കുറിച്ചു താന്‍ അനുരാഗ് കശ്യപിനോട് പരാതി പറഞ്ഞെങ്കിലും നടപടിയൊന്നുമുണ്ടായില്ല. 2017ല്‍ താല്‍ കമ്പനി വിട്ടെന്നും പെണ്‍കുട്ടി എഴുതി. ഇക്കാര്യം കശ്യപ് സ്ഥിരീകരിച്ചു. ഉണ്ടായതു തെറ്റായ കാര്യമാണെന്നും അത് അന്നു ശരിയായി കൈകാര്യം ചെയ്യുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടെന്നും കാശ്യപ് എഴുതി. ഇക്കാര്യത്തില്‍ എനിക്കു എന്നെ മാത്രമേ കുറ്റപ്പെടുത്താന്‍ കഴിയൂ. അവള്‍ക്ക് എക്കാലത്തും തങ്ങളുടെ പിന്തുണയുണ്ടാവും. ബാഹ്ല്‍ അവരോട് തെറ്റാണു ചെയ്തത്. തെറ്റ് തിരുത്തലിന്റെ വഴിയിലാണു തങ്ങള്‍. തിരുത്താന്‍ കഴിയുന്നതു ചെയ്യുമെന്നും കാശ്യപ് എഴുതി. ബാഹ്‌ലിന് വിമര്‍ശനവുമായി ഹിന്ദി സിനിമാ രംഗത്തെ നിരവധി പേര്‍ രംഗത്തെത്തി.
എഴുത്തുകാരനായ ചേതന്‍ ഭഗത് തന്നോടു മോശമായി സംസാരിക്കുന്ന ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുമായാണ് മറ്റൊരു പെണ്‍കുട്ടി തന്റെ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. താന്‍ നിരുല്‍സാഹപ്പെടുത്തിയിട്ടും അത് തുടര്‍ന്നുവെന്ന് കുറ്റപ്പെടുത്തി. പറ്റിപ്പോയെന്നും മാപ്പു ചോദിക്കുന്നതായും ഇതു സംബന്ധിച്ച് ചേതന്‍ ഭഗത് ഫേസ്ബുക്കില്‍ കുറിച്ചു. ഈ സ്‌ക്രീന്‍ ഷോട്ട് ശരിയായതാണ്. പെണ്‍കുട്ടി തന്റെ മാപ്പപേക്ഷ സ്വീകരിക്കുമെന്നാണു കരുതുന്നത്. മോശമായ ബന്ധം ഉദ്ദേശിച്ചിരുന്നില്ലെന്നും സംഭവിച്ച കാര്യങ്ങള്‍ ഭാര്യയോടു കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും ചേതന്‍ ഭാവത് പറഞ്ഞു.
ഡിഎന്‍എ എഡിറ്റര്‍ ഇന്‍ ചീഫ് ഗൗതം അധികാരി സമ്മതമില്ലാതെ തന്നെ ചുംബിച്ചുവെന്നാണ് ഒരു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ തനിക്കങ്ങനെയൊരു സംഭവം ഓര്‍മയില്ലെന്നാണു ഗൗതമിന്റെ മറുപടി. പെണ്‍കുട്ടി തന്റെ സഹപ്രവര്‍ത്തകയാണെന്നും അവരോട് എക്കാലത്തും നന്നായി മാത്രമേ പെരുമാറിയിട്ടുള്ളൂവെന്നും ഗൗതം പറഞ്ഞു.
ടൈംസ് ഓഫ് ഇന്ത്യയുടെ ഹൈദരാബാദ് റസിഡന്റ് എഡിറ്റര്‍ കെ ആര്‍ ശ്രീനിവാസനെതിരായും ഒരു പെണ്‍കുട്ടി വെളിപ്പെടുത്തല്‍ നടത്തി. ശ്രീനിവാസന്‍ തന്നോട് ലൈംഗികാതിക്രമത്തിനു മുതിര്‍ന്നെന്നാണ് വെളിപ്പെടുത്തല്‍. സംഭവത്തെക്കുറിച്ചു ജോലിസ്ഥലത്തെ ലൈംഗികാതിക്രമം പരിശോധിക്കുന്നതിനുള്ള ആഭ്യന്തര സമിതി അന്വേഷിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ നടത്തിപ്പുകാരായ ബിസിസിഎല്‍ വ്യക്തമാക്കി. അന്വേഷണത്തോട് സഹകരിക്കുമെന്ന് ശ്രീനിവാസന്‍ പറഞ്ഞു.
ഹിന്ദുസ്ഥാന്‍ ടൈംസിന്റെ നാഷനല്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ പ്രശാന്ത് ഝ, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപോര്‍ട്ടര്‍ മായന്‍ക് ജെയിന്‍ തുടങ്ങിയവര്‍ക്കെതിരേയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നടന്‍ നാനാ പടേക്കര്‍ 2008ല്‍ സിനിമാ ഷൂട്ടിങ്ങിനിടെ ലൈംഗികാതിക്രമം കാട്ടിയെന്ന തനുശ്രീ ദത്തയുടെ ആരോപണത്തിനു പിന്നാലെയാണു പ്രമുഖര്‍ക്കെതിരേ വെളിപ്പെടുത്തലുകളുണ്ടായത്.

RELATED STORIES

Share it
Top