മിസ ഭാരതിക്കെതിരേ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ആര്‍ജെഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് മിസയ്‌ക്കെതിരേ ഇഡി കേസെടുത്തിട്ടുള്ളത്. മിസയ്‌ക്കെതിരേയുള്ള രണ്ടാമത്തെ കുറ്റപത്രമാണ് ഇന്നലെ ഇഡി സമര്‍പ്പിച്ചത്. ഡിസംബര്‍ 23നാണ് മിസയ്ക്കും ഭര്‍ത്താവ് ശൈലേഷ് കുമാറിനും എതിരേ ഇഡി കേസെടുത്തത്. ഈ കേസ് ഡല്‍ഹി ഹൈക്കോടതി ഫെബ്രുവരി 5ന് പരിഗണിക്കും. ഡല്‍ഹിയില്‍ അനധികൃതമായി സമ്പാദിച്ച പണം കൊണ്ട് ഫാം ഹൗസ് വാങ്ങിയെന്നാണ് കേസ്. മിശൈല്‍ പാക്കേഴ്‌സ് ആന്റ് പ്രിന്റേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസ് മിസയുടെയും ഭര്‍ത്താവിന്റെയും പേരിലാണെന്ന് ഇഡി അറിയിച്ചു. 2008-09 കാലഘട്ടത്തില്‍ 1.2 കോടി രൂപയ്ക്കു വാങ്ങിച്ച ഫാം ഹൗസിന്റെ ഇടപാടുകള്‍ കള്ളപ്പണം ഉപയോഗിച്ചാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം. മിസയും ഭര്‍ത്താവും മിശൈല്‍ പാക്കേഴ്‌സ് ആന്റ് പ്രിന്റേഴ്‌സിന്റെ മുന്‍ ഡയറക്ടര്‍മാരായിരുന്നു എന്നും ഇഡി ആരോപിക്കുന്നു. അതേസമയം, തുടര്‍ച്ചയായി കുറ്റപത്രം സമര്‍പ്പിക്കുന്ന ഇഡിയുടെ നടപടിയെ കേസ് പരിഗണിക്കുന്ന ഡല്‍ഹിയിലെ പ്രത്യേക കോടതി ജഡ്ജി എന്‍ കെ മല്‍ഹോത്ര വിമര്‍ശിച്ചു. ഇഡി വിചാരണ തുടങ്ങാന്‍ അനുവദിക്കുന്നില്ലെന്നാണ് അദ്ദേഹം ഇന്നലെ വിമര്‍ശിച്ചത്. നിങ്ങള്‍ വിചാരണ തുടങ്ങാന്‍ അനുവദിക്കുന്നോ അതോ പരാതികള്‍ ഫയല്‍ ചെയ്യുന്നോ എന്നായിരുന്നു ഇഡിയുടെ അഭിഭാഷകനോട് ജഡ്ജിയുടെ ചോദ്യം. നിങ്ങള്‍ എത്ര അനുബന്ധ കുറ്റപത്രങ്ങള്‍ ഫയല്‍ ചെയ്യും. നിങ്ങള്‍ ഒരു സുപ്രധാന അന്വേഷണ ഏജന്‍സിയാണ്. ഇതു മോശമായ രീതിയില്‍ രൂപപ്പെടുത്തിയ പരാതിയാണെന്നും ജഡ്ജി കുറ്റപ്പെടുത്തി. ഭാരതിക്കും ഭര്‍ത്താവിനുമെതിരേ കൂടുതല്‍ കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കാന്‍ ഇഡിയുടെ അഭിഭാഷകന്‍ അതുല്‍ ത്രിപാതി കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് ഫെബ്രുവരി 5ന് പരിഗണിക്കാന്‍ മാറ്റിയത്.

RELATED STORIES

Share it
Top