മിസോറാം ലോട്ടറിയുടെ വില്‍പന തടഞ്ഞ സര്‍ക്കാര്‍ നടപടി റദ്ദാക്കി

കൊച്ചി: സംസ്ഥാന ചരക്കു സേവന നികുതി ചട്ടങ്ങളിലെ (ജിഎസ്ടി) വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് മിസോറാം ലോട്ടറിയുടെ വില്‍പന തടഞ്ഞ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. കേന്ദ്രനിയമമായ 1998ലെ ലോട്ടറി റഗുലേഷന്‍ ആക്റ്റിന്റെ ലംഘനമുണ്ടാവാത്തപക്ഷം കേരള ജിഎസ്ടി ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിച്ചിട്ടില്ലെന്ന പേരില്‍ ഇതര സംസ്ഥാന ലോട്ടറികളുടെ വില്‍പന തടയാനാവില്ലെന്നാണു സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. തുടര്‍ന്നു മിസോറാം ലോട്ടറിയുടെ കേരളത്തിലെ ഏജന്റായ ആയ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് 2017 ജൂലൈ 28നു ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ നല്‍കിയ നോട്ടീസ് റദ്ദാക്കി.
ജിഎസ്ടി ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പാലിച്ചെന്ന് ഉറപ്പുനല്‍കാത്തിടത്തോളം കാലം വില്‍പന നിര്‍ത്തിവയ്ക്കണമെന്നാണു നോട്ടീസിലുണ്ടായിരുന്നത്. ലോട്ടറീസ് (റഗുലേഷന്‍) ആ ക്റ്റിന്റെ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഏഴാം വകുപ്പു പ്രകാരം പോലിസ് നടപടിക്കും നാലാം വകുപ്പു പ്രകാരം സര്‍ക്കാര്‍ നടപടിക്കും വേണ്ടി വിവരമറിയിക്കണമെന്ന കേരള ജിഎസ്ടി നിയമത്തിലെ വ്യവസ്ഥയും സിംഗിള്‍ ബെഞ്ച് റദ്ദാക്കി. ഫെഡറ ല്‍ സംവിധാനത്തില്‍ ഒരു സംസ്ഥാനത്തിന് മറ്റൊരു സംസ്ഥാനത്തിന്റെ ലോട്ടറിയുടെ നിയമസാധുത പരിശോധിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്ന് അറിയിച്ചതിനാലാണു കേന്ദ്രസര്‍ക്കാര്‍ സിക്കിം ലോട്ടറി നിരോധിച്ചത്. ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനേ അധികാരമുള്ളൂ. കേരള സര്‍ക്കാരിന്റെ നിലവിലെ നടപടി പാര്‍ലമെന്റിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ്.
മിസോറാം ലോട്ടറി നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കാനും നടപടികള്‍ സ്വീകരിക്കാനും ഭരണഘടന പോലിസിനും നിയമ വകുപ്പിനും അധികാരം നല്‍കുന്നില്ല. ലോട്ടറി നിയന്ത്രണ നിയമം ലംഘിച്ചെന്ന് പറഞ്ഞ് ഇതര സംസ്ഥാന ലോട്ടറിയുടെ വില്‍പന ഒരു സംസ്ഥാനവും നിയമംമൂലം നിരോധിക്കരുതെന്നു സുപ്രിംകോടതി പറഞ്ഞിട്ടുണ്ട്. ലോട്ടറി വില്‍പന തടയുന്നതിനടക്കം കേരള സ്‌റ്റേറ്റ് ജിഎസ്ടി ആക്റ്റ് ആന്റ് റൂള്‍സ് പ്രകാരം ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന അമിതാധികകാരം ചോദ്യംചെയ്ത് ഹരജിക്കാര്‍ക്കു സംസ്ഥാന ചരക്ക്, സേവന നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കാമെന്നു കോടതി വ്യക്തമാക്കി.
പരാതിക്കാരെയും ബന്ധപ്പെട്ടവരെയും കേട്ട് ഒരു മാസത്തിനകം ഇക്കാര്യത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി. കേരളത്തിന്റെ നടപടി ലോട്ടറി നടത്താനുള്ള അധികാരത്തെ നിയന്ത്രിക്കുന്നതാണെന്നായിരുന്നു ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ വാദം. എത്ര ലോട്ടറിയാണ് കേരളത്തില്‍ വില്‍ക്കാനായി ലഭിച്ചത്, എത്രയെണ്ണം വില്‍ക്കാന്‍ തീരുമാനിച്ചു, എത്രയെണ്ണം വിറ്റു തുടങ്ങിയ രേഖകള്‍ സൂക്ഷിക്കണമെന്നാണ് 56 (19) വകുപ്പ് പറയുന്നത്. അക്കൗണ്ട് ബുക്ക് അധികൃതര്‍ ചോദിക്കുമ്പോഴെല്ലാം സമര്‍പ്പിക്കണമെന്നാണ് 56 (20എ) വകുപ്പ് പറയുന്നത്. ഈ വകുപ്പുകള്‍ ലോട്ടറി വ്യാപാരത്തെ നിയന്ത്രിക്കുന്നുവെന്നാണ് ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ ആരോപണം. നിയമ ലംഘനമുണ്ടായോ ഇല്ലയോ എന്നത് സംബന്ധിച്ച് കണക്കെടുപ്പിലൂടെയും പരിശോധനയിലൂടെയും മാത്രമേ വ്യക്തമാകൂവെന്നും സംസ്ഥാനത്തു ലോട്ടറി ടിക്കറ്റ് വില്‍പന നടത്താന്‍ മുന്‍ ഉപാധികളെന്ന നിലയില്‍ സംസ്ഥാന ജിഎസ്ടി നിയമത്തിലെ ചില വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
മുന്‍കൂറായി വ്യവസ്ഥ പാലിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍, ജിഎസ്ടി നിയമത്തിലെ മറ്റ് വകുപ്പുകള്‍ പാലിക്കാമെന്ന് അവര്‍ വ്യക്തമാക്കിയിട്ടുമുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. 2017 ജൂലൈ 29ന് പാലക്കാട് കസബ പോലിസ് ഗോഡൗണില്‍ എത്തി ലോട്ടറി ടിക്കറ്റ് പിടിച്ചെടുത്തിരുന്നു.

RELATED STORIES

Share it
Top