മിഷനറീസ് ഓഫ് ജീസസ് പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം/കോട്ടയം: അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി മിഷനറീസ് ഓഫ് ജീസസ് പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു പരാതി നല്‍കി. മിഷനറീസ് ഓഫ് ജീസസ് പിആര്‍ഒ സിസ്റ്റര്‍ അമലയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രി പിണറായി വിജയന് കേരളാഹൗസിലെത്തി പരാതി നല്‍കിയത്.
അതേസമയം, അന്വേഷണസംഘത്തിനെതിരേ ആരോപണങ്ങളുമായി മിഷനറീസ് ഓഫ് ജീസസ് രംഗത്തെത്തി. മദര്‍ ജനറല്‍ സിസ്റ്റര്‍ റജീന, അസിസ്റ്റന്റ് ജനറല്‍ സിസ്റ്റര്‍ മരിയ, ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ അമല എന്നിവര്‍ പുറത്തിറക്കിയ സംയുക്ത വാര്‍ത്താക്കുറിപ്പിലാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയാണെന്നും അദ്ദേഹത്തെ പുറത്തിറക്കാതിരിക്കാന്‍ അന്വേഷണസംഘത്തിന് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും ആരോപിക്കുന്നത്. ഇല്ലാത്ത കുറ്റത്തിന്റെ പേരില്‍ ബിഷപ് ക്രൂശിക്കപ്പെടുന്നതിലും ജയില്‍വാസം അനുഭവിക്കേണ്ടിവരുന്നതിലും ക്ഷമ ചോദിക്കുന്നുവെന്നും പാപപരിഹാരത്തിനായി ഉപവസിച്ച് പ്രാര്‍ഥിക്കുമെന്നും അറിയിച്ചുകൊണ്ടാണ് വാര്‍ത്താക്കുറിപ്പ് ആരംഭിക്കുന്നത്. ചില കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശപ്രകാരം പല മഠങ്ങളിലും മുന്നറിയിപ്പില്ലാതെ കയറിച്ചെന്ന് ഭയപ്പെടുത്തി ബിഷപ്പിനെതിരേ മൊഴി നല്‍കാന്‍ അന്വേഷണസംഘം നിര്‍ബന്ധിക്കുന്നു.കന്യാസ്ത്രീക്കെതിരേ ഡല്‍ഹിയില്‍ നിന്ന് പരാതി ലഭിക്കുന്നതിനു മുമ്പ്, അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയ പീഡനകഥ മഠത്തിലുള്ളവരോട് പറഞ്ഞതായി വരുത്തിത്തീര്‍ത്ത് ബിഷപ്പിനെതിരേ നീങ്ങാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. കുറവിലങ്ങാട് മഠത്തില്‍ രാത്രി 2 മണി വരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചിരിച്ചുകളിച്ച് ഉല്ലസിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സത്യം എത്ര മൂടിവച്ചാലും അത് പുറത്തുവരുമെന്ന പരാമര്‍ശത്തോടെയാണ് വാര്‍ത്താക്കുറിപ്പ് അവസാനിക്കുന്നത്.

RELATED STORIES

Share it
Top