മിശ്രവിവാഹിതരെ പിന്തുണച്ചതിന് സുഷമ സ്വരാജിനെതിരേ അധിക്ഷേപം

ന്യൂഡല്‍ഹി: മിശ്രവിവാഹിതരായ ദമ്പതികളോട് മതം മാറാന്‍ ആവശ്യപ്പെട്ട പാസ്‌പോര്‍ട്ട് ഓഫിസര്‍ക്കെതിരേ നടപടി സ്വീകരിച്ചതിന് സാമൂഹിക മാധ്യമങ്ങളില്‍ സുഷമ സ്വരാജിനെതിരേ തീവ്ര ഹിന്ദുത്വരുടെ അധിക്ഷേപം. അധിക്ഷേപം ചൊരിഞ്ഞുകൊണ്ടുള്ള ട്വീറ്റുകള്‍ പങ്കുവച്ച് അവര്‍തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. മന്ത്രിയുടെ “മതേതരത്വ’ നിലപാടാണ് വിമര്‍ശകരെ പ്രകോപിപ്പിച്ചത്.
തനിക്കെതിരായി നടക്കുന്ന ഈ അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് മന്ത്രി ട്വീറ്റ് ചെയ്തത്. ഏതാനും ദിവസങ്ങളായി വിദേശത്തായിരുന്നെന്നും തന്റെ അസാന്നിധ്യത്തില്‍ ഇവിടെ സംഭവിച്ച കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു. തിരിച്ചുവന്നപ്പോള്‍ ചിലരുടെ ട്വീറ്റുകള്‍ക്കൊണ്ട് ചിലര്‍ തന്നെ ബഹുമാനിച്ചിരിക്കുകയാണെന്നു പറഞ്ഞുകൊണ്ടാണ് അവര്‍ ആ ട്വീറ്റുകള്‍ പങ്കുവച്ചത്. വികാസ് മിശ്രയ്‌ക്കെതിരായ നടപടി പക്ഷപാതപരമാണെന്നും ഇസ്‌ലാം അനുകൂല നിലപാടാണ് മന്ത്രിയുടേതെന്നും ചൂണ്ടിക്കാട്ടിയാണ് ചില ട്വീറ്റുകള്‍.
ലഖ്‌നോയിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെത്തിയ മുഹമ്മദ് അനസ് സിദ്ദീഖിക്കും ഭാര്യ തന്‍വി സേഥിനുമാണ് പാസ്‌പോര്‍ട്ട് ഓഫിസിലെ ഉദ്യോഗസ്ഥനില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. അനസിനോടു ഹിന്ദുമതം സ്വീകരിക്കാന്‍ വികാസ് മിശ്ര എന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുകയായിരുന്നു. മാത്രമല്ല തന്‍വിയോട് രേഖകളിലെ പേരു മാറ്റണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടുവെന്നും ഇവര്‍ ആരോപിക്കുന്നു. തുടര്‍ന്ന് ഇവര്‍ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ട്വീറ്റ് ചെയ്തു.
ഇതോടെയാണ് ഇയാള്‍ക്കെതിരായ നടപടി എന്ന നിലയില്‍ വികാസ് മിശ്രയെ സ്ഥലംമാറ്റിക്കൊണ്ട് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലുണ്ടായത്. പിറ്റേദിവസം തന്നെ ദമ്പതികള്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കുകയും ചെയ്തു. മന്ത്രിയുടെ ഈ നടപടിയാണ് ഹിന്ദുത്വരെ  പ്രകോപിപ്പിച്ചത്.

RELATED STORIES

Share it
Top