മിശ്രവിവാഹത്തില്‍ എതിര്‍പ്പ്പിതാവിനെക്കൊണ്ട് തുപ്പല്‍ നക്കിത്തുടപ്പിച്ച് നാട്ടുകൂട്ടം

ബുലന്ദ്ഷഹര്‍: മകന്‍ ഇതരമതസ്ഥയെ വിവാഹം ചെയ്തതില്‍ പിതാവിനെക്കൊണ്ടു തുപ്പല്‍ നക്കിത്തുടപ്പിച്ചു നാട്ടുകൂട്ടത്തിന്റെ രോഷ പ്രകടനം. യുപിയിലെ ബുലന്ദ്ഷഹറിലാണു സംഭവം.
ദലിത് യുവാവായ ശിവകുമാറും (21) മുസ്‌ലിമായ റസിയയും (18) പ്രണയിച്ചു വിവാഹം കഴിച്ചതിലുള്ള പ്രതികാരമായാണു നാട്ടുകൂട്ടത്തിന്റെ നടപടി. ഇയാളുടെ ഭാര്യയെയും മകളെയും ബലാല്‍ല്‍സംഗം ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയതായും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വിവാഹത്തിനു മുമ്പ് നാട്ടില്‍ നിന്നും ഇരുവരും ഒളിച്ചോടിയിരുന്നു. തുടര്‍ന്നു റസിയയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് യുവതിയെ കോടതിയില്‍ എത്തിക്കുകയും ശിവകുമാറിനൊപ്പം പോകാന്‍ യുവതി ആവശ്യപ്പെടുകയും ചെയ്തു. വിവാഹശേഷം നാട്ടിലെത്തിയ ഇരുവരോടും സുരക്ഷ മുന്‍നിര്‍ത്തി മാറിത്താമസിക്കാന്‍ ശിവകുമാറിന്റെ പിതാവ് ശ്രീകൃഷ്ണന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും ഗ്രാമത്തില്‍ നിന്നു പോയിരുന്നു. ഇതിനു ശേഷം ജൂണ്‍ 26നു നാട്ടുകൂട്ടത്തില്‍ ഹാജരാവാന്‍ ശ്രീകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞാണു വിളിപ്പിച്ചത്. എന്നാല്‍ യോഗത്തില്‍ വച്ച് ഇയാളെ അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്നാണ് പരാതി.
ഇയാളെക്കൊണ്ട് നിലത്തു തുപ്പിക്കുകയും അതു നക്കിത്തുടപ്പിക്കുകയും ചെയ്തതായി കുടുംബം പോലിസില്‍ പരാതി നല്‍കി.
കുടുംബത്തോട് ഗ്രാമം വിട്ടുപോവാനാണ് ഉത്തരവ്. സംഭവത്തില്‍ പരാതി ലഭിച്ചതായും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബുലന്ദ് ഷഹര്‍ എസ്പി അറിയിച്ചു.

RELATED STORIES

Share it
Top