മില്ലുടമകളുമായി തര്‍ക്കം ; നെല്ല് കെട്ടിക്കിടക്കുന്നുഹരിപ്പാട്: അധിക നെല്ല് നല്‍കാത്തതിന്റെ പേരില്‍ മില്ലുടമകളുമായി തര്‍ക്കം. വീയപുരം കൃഷിഭവന്‍ പരിധിയിലെ പോട്ട- കളയ്ക്കാട് പാടശേഖരത്തില്‍ 16 ലോഡോളം നെല്ല്‌കെട്ടിക്കിടക്കുന്നു. കൃഷി ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാത്തില്‍ പ്രതിഷേധിച്ച് ഹരിപ്പാട്ടെ കൃഷി അസി. ഡയറക്ടറുടെ കാര്യാലയം നെല്ലുമായി എത്തികര്‍ഷകര്‍ ഉപരോധിച്ചു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. ക്വിന്റലിന് 20 വരെ കിലോ നെല്ലാണ് കര്‍ഷകരോട് അധികമായി ആവശ്യപ്പെടുന്നത്. നെല്ലിന് ഉണക്കും നിലവാരമുണ്ടെങ്കില്‍ ഏഴു കിലോ വരെ ആവശ്യപ്പെടുന്നു. ഈര്‍പ്പ പരിശോധനയില്‍ 17 % വരെ ഈര്‍പ്പത്തിന് അധിക നെല്ല് നല്‍കേണ്ടതില്ല എന്നതാണ് വ്യവസ്ഥ. എന്നാല്‍ ഒരു പരിശോധന പോലും നടത്താതെയാണ് ഇപ്പോള്‍ അധിക നെല്ല് ആവശ്യപ്പെടുന്നത്. നെല്ല് സംഭരിക്കാതായതോടെ പാടശേഖരത്തിലെ ചിറയില്‍ മൂടകൂട്ടിയിട്ടു കാത്തു കിടക്കുകയാണ് കര്‍ഷകര്‍. പാടശേഖരങ്ങളില്‍ പാഡിമാര്‍ക്കറ്റിങ് ഓഫിസര്‍മാര്‍ എത്താത്തതാണ് ഏജന്റുമാര്‍ കര്‍ഷകരെ ചൂഷണം ചെയ്യാന്‍ കാരണമെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.വീയപുരം കൃഷിഭവന്‍ പരിധിയിലെ മറ്റു പാടശേഖരങ്ങളിലെല്ലാം വിളവെടുപ്പും സംഭരണവും പൂര്‍ത്തീകരിച്ചുകഴിഞ്ഞു. സമീപത്തെ താമരപിള്ളാടി പാടശേഖരത്തില്‍ കൊയ്തത്തിന്റെ അടുത്ത ദിവസം തന്നെ സംഭരണം നടക്കുകയുണ്ടായി. 200 ഏക്കര്‍ വ്യാപ്തിയുള്ള പാടശേഖരത്തില്‍ ഏകദേശം 80 കര്‍ഷകരാണുള്ളത്. മഴ ആരംഭിക്കുന്നതു വരെ താമസിപ്പിച്ച് കര്‍ഷകരെ ചൂഷണം ചെയ്യാനാണ് മില്ലുടമകളുടെ തീരുമാനമെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. സഭരണത്തിനു നടപടി സ്വീകരിച്ചില്ലെങ്കില്‍ നെല്ല് റോഡില്‍ അട്ടിവച്ച് ഉപരോധത്തിനു തയ്യാറാവുമെന്നും കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി.

RELATED STORIES

Share it
Top