മിന്നലാക്രമണ വീഡിയോ പുറത്ത്: സൈനിക രക്തം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: 2016 സപ്്തംബറില്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റേതെന്നു കരുതുന്ന ദൃശ്യങ്ങള്‍ പുറത്ത്. 2016 സപ്തംബര്‍ 27ന് രാത്രി നിയന്ത്രണരേഖ കടന്ന് സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെതെന്നു പറയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഭരണകക്ഷി ബിജെപിക്കും മുഖ്യ പ്രതിപക്ഷ കക്ഷി കോണ്‍ഗ്രസ്സിനുമിടയില്‍ വാക്‌പോര് ആരംഭിച്ചു. മിന്നലാക്രമണ വീഡിയോ പ്രചരിപ്പിക്കുന്നതു വഴി രാജ്യത്തിനു വേണ്ടിയുള്ള സൈനികരുടെ ത്യാഗം നരേന്ദ്രമോദി സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നു കോണ്‍ഗ്രസ് പ്രതികരിച്ചു. എന്നാല്‍ കോണ്‍ഗ്രസ് മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. 2016ലെ മിന്നലാക്രമണം നടന്നതു പാകിസ്താന്‍ നിഷേധിക്കുകയും ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സംശയങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണു കഴിഞ്ഞദിവസം മിന്നലാക്രമണത്തിന്റേതെന്നു കരുതുന്ന എട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യം ദേശീയ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ആളില്ലാ വിമാനങ്ങളിലും ഹെല്‍മെറ്റുകളിലും ഘടിപ്പിച്ച കാമറകള്‍ ഉപയോഗിച്ചു ചിത്രീകരിച്ചതാണ് വീഡിയോയെന്നാണു റിപോര്‍ട്ട്. തങ്ങള്‍ക്കു ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നു ലഭിച്ചതാണു വീഡിയോയെന്നാണു മാധ്യമങ്ങളുടെ വിശദീകരണം. ദൃശ്യങ്ങള്‍ യഥാര്‍ഥമാണെന്നു മിന്നലാക്രമണത്തിന്റെ ചുമതലയുണ്ടായിരുന്ന മുന്‍ നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഡിഎസ് ഹൂഡ സ്ഥിരീകരിക്കുകയും ചെയ്തു. ആദ്യമായാണ് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം ആക്രമിക്കുന്നതെന്ന വിധത്തിലുള്ള പ്രചാരണം ഏഴു പതിറ്റാണ്ടിലേറെ പ്രവര്‍ത്തന പരിചയമുള്ള രാജ്യത്തെ സൈനികരുടെ സേവനത്തെ അപമാനിക്കുന്നതാണെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. മുന്‍ സര്‍ക്കാരുകളുടെ കാലത്തും പലതവണ ഇത്തരത്തില്‍ സൈന്യം ആക്രമണം നടത്തിയിട്ടുണ്ട്. 2000 ജനുവരി 21നു നീലംനദിക്കു സമീപത്തും 2003 സപ്തംബര്‍ 18നും 2008 ജൂണ്‍ 19നും പൂഞ്ച് സെക്റ്ററിലും 2011 ആഗസ്ത്, സപ്തംബറില്‍ ശാര്‍ധ സെക്റ്ററിലും 2013 ജനുവരി ആറിന് സവണ്‍ പത്ര ചെക്‌പോസ്റ്റിലും 2013 ജൂലൈ 27ന് നാസിപൂര്‍ സെക്റ്ററിലും 2013 ആഗസ്ത് ആറിന് നീലംതാഴ്‌വരയിലും 2014 ജനുവരി 14നും 2016 സപ്തംബറിലും ഒക്കെ മിന്നലാക്രമണങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍, ഈ സര്‍ക്കാരിന്റെ കാലത്താണ് ആദ്യമായി അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടന്നതെന്ന വിധത്തിലാണു ബിജെപിയുടെ പ്രചാരണമെന്നും സുര്‍ജേവാല പറഞ്ഞു. മിന്നലാക്രമണത്തിനു ശേഷം ആക്രമണങ്ങള്‍ കുറഞ്ഞില്ല. അതിനു ശേഷം 146 സൈനികര്‍ വീരമൃത്യു മരിച്ചു. പാകിസ്താന്‍ 1,600 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. 79 ആക്രമണങ്ങള്‍ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ വിമര്‍ശനങ്ങള്‍ക്കു മറുപടിയായി മിന്നലാക്രമണം കോണ്‍ഗ്രസ് വിശ്വസിക്കുന്നുണ്ടോയെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആരാഞ്ഞു. വീഡിയോ വ്യാജമെന്ന് അവര്‍ പറയുമോ? കോണ്‍ഗ്രസ്സിന്റെ പ്രസ്താവന ശരിക്കും രാജ്യത്തിന്റെ ശത്രുക്കളെയാണു സഹായിക്കുകയെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ഇപ്പോള്‍ തിരഞ്ഞെടുപ്പിന്റെ യാതൊരു സാഹചര്യവുമില്ല. തെറ്റിദ്ധാരണ പരത്തിയ കോണ്‍ഗ്രസ് മാപ്പു പറയണമെന്നും രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top