മിന്നലാക്രമണ വാര്‍ഷികം സര്‍വകലാശാലകളില്‍ ആഘോഷിക്കണം; യുജിസി നിര്‍ദേശം വിവാദത്തില്‍

ന്യൂഡല്‍ഹി: മിന്നലാക്രമണ വാര്‍ഷികം രാജ്യത്തെ സര്‍വകലാശാലകളില്‍ ആഘോഷിക്കാനുള്ള യുജിസി നിര്‍ദേശം വിവാദത്തില്‍. യുജിസിയുടെ ചരിത്രത്തില്‍ ഇതുപോലെ രാഷ്ട്രീയതാല്‍പര്യമുള്ള സര്‍ക്കുലര്‍ ഇതിനു മുമ്പ് ഇറക്കിയിട്ടുണ്ടോയെന്നു സംശയമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വാര്‍ഷികം സംസ്ഥാനത്ത് ആഘോഷിക്കില്ലെന്ന് പശ്ചിമബംഗാള്‍ അറിയിച്ചു.
പാകിസ്താന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വാര്‍ഷികദിനമായ ഈ മാസം 29ന് മിന്നലാക്രമണ ദിനമായി ആചരിക്കാനാണ് യുജിസി നിര്‍ദേശം നല്‍കിയത്. ഇതിനോടനുബന്ധിച്ച് പ്രത്യേക പരേഡും പ്രദര്‍ശനവും സംഘടിപ്പിക്കാനും നിര്‍ദേശത്തില്‍ പറയുന്നു. സായുധസേനകള്‍ക്ക് ആശംസനേര്‍ന്ന് കാര്‍ഡുകള്‍ അയക്കാനും 29ന് സര്‍വകലാശാലകളിലെ എന്‍സിസി യൂനിറ്റുകള്‍ പ്രത്യേക പരേഡുകള്‍ സംഘടിപ്പിക്കാനുമാണ് യുജിസി സെക്രട്ടറി രജനീഷ് ജെയ്ന്‍ രാജ്യത്തെ സര്‍വകലാശാല വിസിമാര്‍ക്ക് അയച്ച നിര്‍ദേശത്തിലുള്ളത്.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സര്‍വകലാശാലകളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുകയാണെന്നു കോണ്‍ഗ്രസ് നേതാവും മാനവവിഭവശേഷി മുന്‍ മന്ത്രിയുമായ കപില്‍ സിബല്‍ ആരോപിച്ചു. സര്‍വകലാശാലകളുടെ അധികാരങ്ങള്‍ തകര്‍ക്കാനുള്ള ഗൂഢനീക്കങ്ങള്‍ ഇതിനു പിന്നിലുണ്ടോയെന്നു സംശയിക്കണം. നോട്ട് നിരോധന വാര്‍ഷികം ആഘോഷിക്കണമെന്നു നിര്‍ദേശം നല്‍കി യുജിസി സര്‍ക്കുലര്‍ പുറത്തിറക്കുമോയെന്ന് സിബല്‍ ചോദിച്ചു.
യുജിസിയുടെ നിര്‍ദേശം ബിജെപി അജണ്ടയുടെ ഭാഗമാണെന്നും കേന്ദ്രസര്‍ക്കാര്‍ സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും പശ്ചിമബംഗാള്‍ വിദ്യാഭ്യാസമന്ത്രി പാര്‍ഥാ ചാറ്റര്‍ജി ആരോപിച്ചു.
പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമാണിത്. രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ യുജിസിയെ കൂട്ടുപിടിക്കുന്നത് അപമാനകരമാണ്. രാജ്യത്തിനു വേണ്ടി സൈനികര്‍ അനുഭവിച്ച ത്യാഗങ്ങള്‍ സ്മരിക്കണമെന്നാണു പറയുന്നതെങ്കില്‍ മനസ്സിലാക്കാം. രാഷ്ട്രീയത്തിനും വിവാദങ്ങള്‍ക്കും മേലെയാവണം സൈന്യത്തിന്റെ സ്ഥാനമെന്നും പാര്‍ഥാ ചാറ്റര്‍ജി പറഞ്ഞു.
മിന്നലാക്രമണത്തിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പാക് സൈന്യം ക്രൂരമായി പീഡിപ്പിച്ച സൈനികരുടെ വീട് സന്ദര്‍ശിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യേണ്ടതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. അതേസമയം, സംഭവം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നു.
മിന്നലാക്രമണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും നിര്‍ദേശം മാത്രമാണ് യുജിസി നല്‍കിയിരിക്കുന്നതെന്നും കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേകര്‍ പറഞ്ഞു.
യുജിസിയുടെ നടപടിയില്‍ രാഷ്ട്രീയമല്ല, മറിച്ച് രാജ്യസ്‌നേഹം പ്രകടിപ്പിക്കല്‍ മാത്രമാണുള്ളത്. നിര്‍ബന്ധമായും അനുഷ്ഠിക്കാനുള്ള നിര്‍ദേശമല്ല അത്. അധ്യാപകരും വിദ്യാര്‍ഥികളും ശുപാര്‍ശചെയ്തതിനെത്തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുന്‍ സൈനികരുടെ ക്ലാസുകള്‍ നടത്തണമെന്നാണ് യുജിസി നിര്‍ദേശമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top