മിനി സിവില്‍ സ്‌റ്റേഷനില്‍ സെപ്ടിക് ടാങ്കിലേക്കുള്ള പൈപ്പുകള്‍ പൊട്ടിയൊഴുകുന്നുആലപ്പുഴ: നഗര മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന മിനി സിവില്‍ സ്‌റ്റേഷനിലെ ഓഫിസുകളിലേയ്ക്ക് കയറണമെങ്കില്‍ മൂക്കുപൊത്തിച്ചെല്ലേണ്ട അവസ്ഥയാണിപ്പോള്‍. അഞ്ചുനിലകളുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നിലകളില്‍ നിന്നുള്ള കക്കൂസ് മാലിന്യങ്ങള്‍ താഴെ അടിഞ്ഞു കൂടി ഒഴുകുന്നത് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കിയിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല.  സെപ്ടിക്ക് ടാങ്കുമായി ബന്ധിപ്പിക്കുന്ന പൈപ്പുകള്‍ പൊട്ടിയതാണ് കക്കൂസ് മാലിന്യങ്ങള്‍ താഴത്തെ ക്ലോസറ്റില്‍ അടിഞ്ഞെഴുകുന്നതിനിടയാക്കിയിരിക്കുന്നത്. പൈപ്പ് പൊട്ടിയിട്ട്  മാസങ്ങള്‍ പിന്നിട്ടിട്ടും കേടുപാടുകള്‍ തീര്‍ക്കാന്‍  അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. മഴക്കാലമെത്തിയാല്‍ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാണെന്നു ഇവിടുത്തെ ജീവനക്കാര്‍ പറയുന്നു. അഞ്ചു നിലകളിലേയും പൈപ്പുകള്‍ വന്നു ചേരുന്നത് താഴത്തെ നിലയിലുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുന്ന ഭാഗത്താണ്. ദിവസേന അറുന്നൂറോളം കുട്ടികളും രക്ഷിതാക്കളും വന്നു പോകുന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പരിസരത്ത് മൂക്കുപൊത്തിയാണ് എല്ലാവരും നില്‍ക്കുന്നത്. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാഫലങ്ങള്‍ വന്നതിനുശേഷം ഇവിടെ തിരക്കേറിയിട്ടുമുണ്ട്. എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാനും പുതുക്കാനും എത്തുന്ന പലരും ഛര്‍ദ്ദിച്ചാണ് മടങ്ങുന്നത്. ഉദ്യോഗസ്ഥര്‍ക്കാകട്ടെ ഭക്ഷണം കഴിക്കാന്‍ പോലും കഴിയുന്നുമില്ല. പി ഡബ്ല്യു ഡി എക്‌സിക്യുട്ടീവ് എന്‍ജിനിയറുടെ നേതൃത്വത്തിലുള്ള എസ്റ്റിമേറ്റ് കമ്മറ്റിയിലാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് തീരുമാനമെടുക്കുന്നത്. നിരവധി തവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഇക്കാര്യത്തിലുണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എല്ലാ മാസവും എസ്റ്റിമേറ്റ് കമ്മിറ്റി കൂടണമെന്നിരിക്കെ മാസങ്ങള്‍ പിന്നിടുമ്പോഴാണ് അത്തരത്തില്‍ ഒരു മീറ്റിങ് നടക്കുന്നത്. മൂന്നു പ്രവേശന കവാടമുള്ള സിവില്‍ സ്‌റ്റേഷന്റെ വടക്കുഭാഗത്താണ് പൈപ്പ് പൊട്ടി വെള്ളം ഒലിക്കുന്നത്. മാത്രവുമല്ല മാലിന്യ കൂമ്പാരങ്ങള്‍ കൊണ്ട് നിറഞ്ഞും ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലുകളാണ് വടക്കുഭാഗത്തുള്ളത്. പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് സിവില്‍ സ്‌റ്റേഷനു മുന്നില്‍ ഇത്തരത്തിലുള്ള മാലിന്യ കൂമ്പാരം നഗരമധ്യത്തില്‍ കുന്നുകൂടി കിടക്കുന്നത്. ദുര്‍ഗന്ധം വമിക്കുന്ന ചുറ്റുപാടില്‍ മൂക്കുപൊത്തിയിരുന്നാണ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത്. എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ്  ഇവിടെയത്തുന്ന ജനങ്ങളുടേയും ആവശ്യം.

RELATED STORIES

Share it
Top