മിനി ലോകകപ്പില്‍ ഇനി പ്ലേഓഫ് ആരവംഫിഫ അണ്ടര്‍ 20 ലോകകപ്പ് ആവേശകരമായ പ്ലേ ഓഫ് റൗണ്ടിലേക്ക് കടക്കുകയാണ്. ഗ്രൂപ്പ് സ്റ്റേജ് മല്‍സരങ്ങള്‍ കഴിഞ്ഞദിവസം പര്യവസാനിച്ചതോടെ ഇന്ന് മുതല്‍ പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങളാണ്. ആറ് ഗ്രൂപ്പുകളില്‍ നിന്ന് പന്ത്രണ്ട് ടീമുകള്‍ നേരിട്ട് പ്രീക്വാര്‍ട്ടറില്‍ കടന്നപ്പോള്‍, മൂന്നാംസ്ഥാനക്കാരായ നാല് ടീമുകള്‍ പോയിന്റ്് അടിസ്ഥാനത്തിലും അവസാന 16ല്‍ ഇടംനേടി. ഗ്രൂപ്പ് എയില്‍ നിന്ന് ഇംഗ്ലണ്ട്, ദക്ഷിണ കൊറിയ, ഗ്രൂപ്പ് ബിയില്‍ നിന്ന് വെനസ്വേല, മെക്‌സിക്കോ, ഗ്രൂപ്പ് സിയില്‍ നിന്ന് സാംബിയ, പോര്‍ച്ചുഗല്‍, ഗ്രൂപ്പ് ഡിയില്‍ നിന്ന് ഉറുഗ്വേ, ഇറ്റലി, ഗ്രൂപ്പ് ഇയില്‍ നിന്ന് ഫ്രാന്‍സ്, ന്യൂസിലന്‍ഡ്, ഗ്രൂപ്പ് എഫില്‍ നിന്ന് യുഎസ്എ, സെനഗല്‍ എന്നിവരാണ് നേരിട്ട് പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടിയവര്‍. കോസ്റ്ററിക്ക, ജപ്പാന്‍, ജര്‍മനി, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ മൂന്നാംസ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ ഇടംകണ്ടെത്തി. കിരീടസാധ്യതയുണ്ടായിരുന്ന അര്‍ജന്റീന ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. പ്രീക്വാര്‍ട്ടര്‍ ഫിക്‌സ്ച്ചറിലൂടെ:


വെനസ്വേല x ജപ്പാന്‍

ഇന്ന് നടക്കുന്ന ആദ്യ പ്രീക്വാര്‍ട്ടര്‍ പോരാട്ടം വെനസ്വേലയും ജപ്പാനും തമ്മിലാണ്. മൂന്ന് തുടര്‍ജയങ്ങളുടെ കരുത്തുമായി ബി ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് വെനസ്വേല പ്രീക്വാര്‍ട്ടറില്‍ കടന്നത്. ആദ്യമല്‍സരത്തില്‍ ജയിച്ച ജപ്പാന്‍ ഒരു തോല്‍വിയും ഒരു സമനിലയും വഴങ്ങി, മൂന്നാംസ്ഥാനക്കാരുടെ പട്ടികയില്‍ രണ്ടാമനായി പ്രീക്വാര്‍ട്ടര്‍ റൗണ്ടിലെത്തുകയായിരുന്നു. എതിരാളികളുടെ വലയില്‍ പത്ത് ഗോളുകള്‍ നിക്ഷേപിച്ച വെനസ്വേല ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല. അഞ്ച് ഗോള്‍ വഴങ്ങി നാല് ഗോള്‍ തിരിച്ചടിച്ച ജപ്പാന് അതിനാല്‍ തന്നെ ഇന്ന് ജയസാധ്യത കുറവാണ്.

ദക്ഷിണ കൊറിയ x പോര്‍ച്ചുഗല്‍

ആതിഥേയരായ ദക്ഷിണ കൊറിയയും പോര്‍ച്ചുഗലും തമ്മിലാണ് ഇന്നത്തെ രണ്ടാം പ്രീക്വാര്‍ട്ടര്‍. എ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരായിട്ടാണ് ദക്ഷിണ കൊറിയ പ്രീക്വാര്‍ട്ടറില്‍ കടന്നത്. രണ്ട് ഗോള്‍ വഴങ്ങി, അഞ്ചെണ്ണം തിരിച്ചടിച്ച അവര്‍ മൂന്നാം റൗണ്ടില്‍ തോല്‍വിയേറ്റു വാങ്ങി. എതിരാളികളായ പോര്‍ച്ചുഗലും ആദ്യ മല്‍സരത്തില്‍ തോറ്റവരാണ്. സി ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായ പറങ്കിപ്പട നാല് ഗോള്‍ വഴങ്ങി നാലെണ്ണം തിരിച്ചടിച്ചു. കോസ്റ്ററിക്കയോട് സമനില കണ്ടെത്തിയ പോര്‍ച്ചുഗലിന് ഇന്ന് സാധ്യത കുറവാണ്. എതിരാളികളെ ഗോളടിപ്പിക്കാതിരിക്കാന്‍ ആതിഥേയര്‍ക്ക് പ്രത്യേക മിടുക്ക് ഉണ്ടെന്നതു തന്നെ കാരണം.

ഉറുഗ്വേ x സൗദി അറേബ്യ

നാളെ നടക്കുന്ന ആദ്യ പ്രീക്വാര്‍ട്ടര്‍ ഒന്നാംമല്‍സരം ഉറുഗ്വേയും സൗദി അറേബ്യയും തമ്മിലാണ്. കരുത്തരായ അര്‍ജന്റീന പോലും പുറത്തായ ലോകകപ്പ് ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഡിയിലെ ചാംപ്യന്മാരായാണ് ഉറുഗ്വേ അവസാന 16ല്‍ കടന്നത്. അപരാജിത കുതിപ്പ് കാഴ്ചവച്ച ഉറുഗ്വേ അവസാന മല്‍സരത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് മുന്നില്‍ സമനിലയില്‍ കുരുങ്ങിയത് മാത്രമാണ് നിറംമങ്ങിയ പ്രകടനം. ഇതുവരെ ഗോള്‍ വഴങ്ങിയിട്ടില്ല ഉറുഗ്വേ. മൂന്നാംസ്ഥാനക്കാരുടെ പട്ടികയില്‍ നാലാമനായി പ്രീക്വാര്‍ട്ടറിലെത്തിയ സൗദിയാവട്ടെ നാല് ഗോള്‍ വഴങ്ങി മൂന്ന് ഗോള്‍ തിരിച്ചടിച്ചു. അതിനാല്‍ തന്നെ സാധ്യത കൂടുതല്‍ ഉറുഗ്വേയ്ക്കാണ്.

ഇംഗ്ലണ്ട്  x കോസ്റ്ററിക്ക

കരുത്തന്മാരായ ഇംഗ്ലണ്ടിന് അത്ര ശക്തരല്ലാത്ത കോസ്റ്ററിക്കയാണ് എതിരാളികള്‍. നാളെ നടക്കുന്ന രണ്ടാം മല്‍സരത്തില്‍ മുഖാമുഖം എത്തുമ്പോള്‍ എന്തുകൊണ്ടും മുന്‍തൂക്കം ഇംഗ്ലണ്ടിനാണ്. മൂന്ന് മല്‍സരങ്ങള്‍ പിന്നിട്ട ലോകകപ്പില്‍ ഇതുവരെ തോല്‍വിയറിയാത്ത ഇംഗ്ലണ്ട് എ ഗ്രൂപ്പ് ചാംപ്യന്മാരാണ്. രണ്ടാം മല്‍സരത്തില്‍ സമനില വഴങ്ങിയെങ്കിലും ഒരു ഗോള്‍ മാത്രം വഴങ്ങി അഞ്ച് ഗോള്‍ തിരിച്ചടിച്ചവരാണ് ഇംഗ്ലണ്ട്. എതിരാളികളായ കോസ്റ്ററിക്കയാവട്ടെ, ആകെ ഒറ്റ മല്‍സരത്തില്‍ മാത്രം ജയം കണ്ടത്. ഒരു സമനിലയും ഒരു തോല്‍വിയുമായി മൂന്നാംസ്ഥാനക്കാരുടെ പട്ടികയില്‍ നിന്ന് ആദ്യം ഇടംകണ്ടെത്തിയ കോസ്റ്ററിക്ക രണ്ട് ഗോള്‍ വഴങ്ങി രണ്ടെണ്ണം തിരിച്ചടിച്ചിട്ടുണ്ട്.

സാംബിയ x ജര്‍മനി

ലോക കാല്‍പന്ത് ജേതാക്കളായ ജര്‍മനിയുടെ യുവനിരയ്ക്ക് അത്ര കരുത്ത് പോര. നാളെ മൂന്നാം പ്ലേഓഫില്‍ ബൂട്ടണിയുന്ന ജര്‍മനിയുടെ എതിരാളികളായ സാംബിയ സി ഗ്രൂപ്പ് ചാംപ്യന്മാരാണ്. അവസാന മല്‍സരത്തില്‍ കോസ്റ്ററിക്കയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞെങ്കിലും നാല് ഗോളുകള്‍ മാത്രം വഴങ്ങിയ സാംബിയ ആറെണ്ണം തിരിച്ചടിച്ചു. എന്നാല്‍ നാലെണ്ണം വഴങ്ങി മൂന്നെണ്ണം തിരിച്ചടിച്ച ജര്‍മനി ഒരു മല്‍സരത്തില്‍ മാത്രമാണ് ജയം നേടിയത്. ഒരു സമനിലയും ഒരു തോല്‍വിയുമായി മൂന്നാംസ്ഥാനക്കാരുടെ പട്ടികയില്‍ മൂന്നാമനായ ജര്‍മനിക്ക് ഇന്ന് സാധ്യത കുറവാണ്.

മെക്‌സിക്കോ x സെനഗല്‍

ഒന്നാം തിയ്യതിയാണ് മെക്‌സിക്കോ- സെനഗല്‍ പ്രീക്വാര്‍ട്ടര്‍ മല്‍സരം. രണ്ട് ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാര്‍ തമ്മിലാണ് ഈ മല്‍സരമെന്നതാണ് ഇതിന്റെ പ്രത്യേകത. ബി ഗ്രൂപ്പ് രണ്ടാംസ്ഥാനക്കാരായ മെക്‌സിക്കോ ആദ്യ മല്‍സരത്തില്‍ ജയിച്ചെങ്കിലും രണ്ടാമത്തേതില്‍ സമനില നേടി, അവസാനത്തേതില്‍ തോല്‍വി അറിഞ്ഞു. എങ്കിലും വഴങ്ങിയ മൂന്ന് ഗോളുകളും തിരിച്ചടിച്ചിട്ടുണ്ട് മെക്‌സിക്കോ. സമാന നിലയില്‍ ഒരു ജയം, ഒരു തോല്‍വി, ഒരു സമനില നേടിയ സെനഗല്‍ ഒരെണ്ണം വഴങ്ങിയപ്പോള്‍ രണ്ടെണ്ണം മാത്രമാണ് തിരിച്ചടിച്ചത്. കരുത്തില്‍ തുല്യരാണെന്നതിനാല്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും ഇരുകൂട്ടരും കാഴ്ചവയ്ക്കുക.

ഫ്രാന്‍സ്  x ഇറ്റലി

കാല്‍പന്തിന്റെ നെറുകയിലേറിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള രണ്ടു ടീമുകള്‍ പ്രീക്വാര്‍ട്ടറില്‍ മുഖാമുഖം ഏറ്റുമുട്ടുമ്പോള്‍ അന്ന് തീപൊരി പാറുമെന്നുറപ്പ്്. ഒന്നാംതിയ്യതി രണ്ടാം മല്‍സരത്തിലാണ് ഇരുവരും ബൂട്ടണിയുന്നത്. ഇ ഗ്രൂപ്പ് ചാംപ്യന്മാരാണ് ഫ്രാന്‍സ്. മൂന്ന് മല്‍സരത്തിലും സൂപ്പര്‍ ജയം നേടിയവര്‍. ഒമ്പത് തവണ എതിരാളികളുടെ വലകുലുക്കിയപ്പോഴും ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല ഫ്രഞ്ച് പട. എന്നാല്‍, ഡി ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരാണ് ഇറ്റലി. മൂന്ന് ഗോള്‍ വഴങ്ങി, നാലെണ്ണം തിരിച്ചടിച്ചു. രണ്ടാം മല്‍സരത്തില്‍ മാത്രം ജയം നേടിയ ഇറ്റലിക്ക് പ്രീക്വാര്‍ട്ടറില്‍ സാധ്യത കുറവാണ്.

യുഎസ്എ x ന്യൂസിലന്‍ഡ്

അവസാന പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ സാധ്യത കൂടുതല്‍ യുഎസ്എയ്ക്കാണ്. ഇതുവരെ തോല്‍വി സമ്മതിച്ചിട്ടില്ലാത്ത യുഎസ്എ രണ്ട് സമനിലയും ഒരു ജയവുമായി എഫ് ഗ്രൂപ്പ് ചാംപ്യന്മാരായിട്ടാണ് അവസാന പതിനാറില്‍ കടന്നത്. നാല് ഗോളുകള്‍ വഴങ്ങിയപ്പോള്‍ അഞ്ചെണ്ണം തിരിച്ചടിച്ചിട്ടുണ്ട് അവര്‍. അതേസമയം, ഈ ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായ ന്യൂസിലന്‍ഡ് ആവട്ടെ അവസാന മല്‍സരത്തില്‍ ഫ്രാന്‍സിനു മുന്നില്‍ അടിയറവ് പറഞ്ഞു. ഒരു സമനില നേടി രണ്ടാം റൗണ്ടില്‍ ജയിച്ച കിവികള്‍ മൂന്ന് ഗോള്‍ വഴങ്ങിയപ്പോള്‍ അത്ര എണ്ണം തന്നെ തിരിച്ചടിച്ചിട്ടുണ്ട്. കണക്കിന്റെ പിന്‍ബലത്തിലുള്ള ആത്മവിശ്വാസം തന്നെയാണ് യുഎസ്എയുടെ കരുത്ത്.

RELATED STORIES

Share it
Top