മിനിമം വേതന നിഷേധം : സെക്രട്ടേറിയറ്റ് പടിക്കല്‍ കഞ്ഞിവയ്പ് സമരവുമായി പാചകത്തൊഴിലാളികള്‍ആലപ്പുഴ: സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കാനുള്ള തൊഴില്‍ വകുപ്പിന്റെ ഉത്തരവ് നടപ്പാക്കത്തതിനെതിരെ സെക്രട്ടറിയേറ്റ് പടിക്കല്‍ 101 മണിക്കൂര്‍ കഞ്ഞിവച്ച് പാചകത്തൊഴിലാളികള്‍ പ്രതിഷേധിക്കുന്നു. സ്‌കൂള്‍ പാചകത്തൊഴിലാളി യൂണിയന്‍ എഐടിയുസി നേതൃത്വത്തിലാണ് ഇന്നുമുതല്‍ 21 വരെ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം സംഘടിപ്പിച്ചിരിക്കുന്നത്. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി  രാജേന്ദ്രനാണ് പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുന്നത്. വിവിധ സംഘടനാ നേതാക്കള്‍, ജനപ്രതിനിധികള്‍സംസാരിക്കും. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി ഭാഗമായി 30,000ത്തിലധികം തൊഴിലാളികളാണ് മൂന്നു പതിറ്റാണ്ടായി ജോലി നോക്കുന്നത്. മധ്യവേനല്‍ അവധിയുള്‍പ്പെടെയുള്ള സ്‌കൂള്‍ അവധി സമയത്ത് വിദ്യാഭ്യാസ വകുപ്പിലെ മറ്റ് ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും ആനൂകൂല്യം ലഭിക്കുമ്പോള്‍ ജോലിയും വേതനവുമില്ലാത്ത അവസ്ഥയിലാണ് തങ്ങളെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ചികിത്സ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭ്യമല്ല. 500 കുട്ടികളുള്ള സ്‌കൂളില്‍ ലഘുഭക്ഷണവും പാകം ചെയ്യുന്നതിനായി ഒരു തൊഴിലാളിയെയാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇത്രയും കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് തനിച്ച് സാധ്യമല്ലാത്തതിനാല്‍ ഭൂരിഭാഗം സ്‌കൂളുകളിലും മറ്റൊരാളെ സഹായത്തിന് വയ്ക്കുകയും ലഭിക്കുന്ന ദിവസക്കൂലി പങ്കിട്ടെടുക്കുകയും ചെയ്യുകയാണ്. പാചക തൊഴിലാളികള്‍ നിരന്തരമായി നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായാണ് മിനിമം വേതനം ലഭ്യമാക്കാന്‍ വേജസ് അഡൈ്വസറി ബോര്‍ഡ് സര്‍ക്കാരിന് ശിപാര്‍ശ ചെയ്തത്. ഇത് അംഗീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് മധ്യവേനലവധി സമയത്ത് തൊഴിലാളികള്‍ സമരത്തിനിറങ്ങിയിരിക്കുന്നത്.

RELATED STORIES

Share it
Top