മിനിമം വേതനം: സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കാന്‍ 19ന് ബോര്‍ഡ് യോഗം ചേരും

കൊച്ചി: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനു സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കുന്നതിനായി ഈ മാസം 19ന് മിനിമം വേതന ഉപദേശക സമിതി യോഗം ചേരുമെന്നു മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ പികെ ഗുരുദാസന്‍ വ്യക്തമാക്കി.
എറണാകുളം ടൗണ്‍ ഹാളില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം സംബന്ധിച്ചു നടത്തിയ ആശുപത്രി മാനേജ്‌മെന്റുകളുടെ ഹിയറിങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിനിമം വേതനം പുതുക്കിനിശ്ചയിക്കുന്ന കാര്യത്തില്‍ ഉപദേശകസമിതി ശരിയായ തീരുമാനം കൈക്കൊള്ളും. ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചുകൊണ്ടുള്ള ഒരു നടപടിക്കും മിനിമം വേതന ഉപദേശകസമിതി മുതിരില്ല. സമയബന്ധിതമായി ബോര്‍ഡിന്റെ റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. 19ന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ സര്‍ക്കാരിന് സമര്‍പ്പിക്കേണ്ട റിപോര്‍ട്ട് സംബന്ധിച്ചും തിയ്യതി സംബന്ധിച്ചും തീരുമാനമെടുക്കുമെന്നും ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി. ഇന്നലെ എറണാകുളം ടൗണ്‍ഹാളില്‍ നടന്ന സിറ്റിങില്‍ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നായി 100കണക്കിന് പരാതികളാണ് കമ്മിറ്റിക്ക് മുന്നിലെത്തിയത്. എട്ട് അസോസിയേഷനുകളുടേതുള്‍പ്പെടെ 200ഓളം പരാതികളാണ് എറണാകുളം ടൗണ്‍ ഹാളില്‍ നടത്തിയ ഹിയറിങില്‍ എത്തിയിരുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും യുഎന്‍എയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍  അംഗീകരിക്കാന്‍ സാധിക്കുകയില്ലെന്നും കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷനെ പ്രതിനിധികരിച്ച് സിറ്റിങില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി.
എറണാകുളത്ത് നടന്ന യോഗത്തില്‍ ലേബര്‍ കമ്മീഷണര്‍ എ അലക്‌സാണ്ടര്‍, ബോര്‍ഡംഗങ്ങളായ കെ പി സഹദേവന്‍, കെ പി രാജേന്ദ്രന്‍, സി എസ് സുജാത, യു പോക്കര്‍, കെ ഗംഗാധരന്‍, തോമസ് ജോസഫ്, ബാബു ഉമ്മന്‍, കെ കൃഷ്ണന്‍, എം പി പവിത്രന്‍, ജോസ് കാവനാട്, എം സുരേഷ്, ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്,  കെ വിനോദ്, മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് സെക്രട്ടറി ടി വി രാജേന്ദ്രന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top