മിനിമം മാര്‍ക്ക് ഇരട്ടിയാക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: എന്‍ജിനീയറിങ് പ്രവേശനത്തിനു യോഗ്യത നിശ്ചയിക്കുന്ന പ്രവേശനപ്പരീക്ഷയ്ക്ക് നേടേണ്ട മിനിമം മാര്‍ക്ക് ഉയര്‍ത്തണമെന്ന് ശുപാര്‍ശ. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ ഇടംപിടിക്കാന്‍ പ്രവേശന പരീക്ഷയിലെ രണ്ടു പേപ്പറില്‍ ഓരോന്നിനും മിനിമം 10 മാര്‍ക്ക് എങ്കിലും കിട്ടണം. ഇത് 20 ആക്കണമെന്നാണു ശുപാര്‍ശ. മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസ് തയ്യാറാക്കുന്നതിന് മുന്നോടിയായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് വിളിച്ച ഉന്നതതലയോഗത്തിന്റേതാണ് ശുപാര്‍ശ. കോഴ്‌സിന് പ്രവേശനം നേടിയശേഷം ഇടയ്ക്കുവച്ച് പഠനം നിര്‍ത്തിപ്പോവുന്നവരില്‍ നിന്ന് മാനേജ്‌മെന്റ് നഷ്ടപരിഹാരം ഈടാക്കുന്നത് നിരോധിക്കണമെന്നും യോഗം ശുപാര്‍ശചെയ്തു. നിലവില്‍ നാലുവര്‍ഷത്തെ ഫീസും പല മാനേജ്‌മെന്റുകളും ഈടാക്കുന്നുണ്ട്. മാര്‍ക്‌ലിസ്റ്റ് പിടിച്ചുവച്ചാണ് മാനേജ്‌മെന്റുകള്‍ വിലപേശുന്നത്. ഇത് തടയാന്‍ മാര്‍ക്‌ലിസ്റ്റ് കോളജില്‍ വാങ്ങിവയ്ക്കുന്നതും തടയണം. ആവശ്യമെങ്കില്‍ മാര്‍ക്‌ലിസ്റ്റിന്റെ അറ്റസ്റ്റ് ചെയ്ത പകര്‍പ്പ് കോളജില്‍ സൂക്ഷിക്കാം. കോഴ്‌സിന് ചേര്‍ന്നിട്ട് ക്ലാസ് തുടങ്ങുന്നതിനു മുമ്പ് ടിസി വാങ്ങിപ്പോവുന്നവരില്‍ നിന്ന് 1000 രൂപ പ്രൊസസിങ് ചാര്‍ജ് മാത്രമേ ഈടാക്കാവൂ. ക്ലാസ് തുടങ്ങിയ ശേഷമാണു പോവുന്നതെങ്കില്‍ അടച്ച ഫീസ് തിരികെ നല്‍കേണ്ട. എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തുന്ന അലോട്ട്‌മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളില്‍ അതത് കോളജുകള്‍ തന്നെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്ന രീതി മാറ്റണം. ഒഴിവുള്ള സീറ്റുകള്‍ ക്രോഡീകരിച്ച് എന്‍ട്രന്‍സ് കമ്മീഷണര്‍ തന്നെ ഒരു അലോട്ട്‌മെന്റ് കൂടി നടത്തണം. അതേസമയം, എന്‍ജിനീയറിങിന് ഈ വര്‍ഷം പ്രവേശന പരീക്ഷ വേണമെന്ന നിബന്ധന ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ (എഐസിടിഇ) ചട്ടങ്ങളിലില്ല. ഈ സാഹചര്യത്തില്‍, പ്രവേശനപ്പരീക്ഷ നടത്തുന്നതു നിയമപരമായി നിലനില്‍ക്കുമോയെന്ന് ആശങ്കയുണ്ട്. സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാവും ഇപ്രാവശ്യത്തെ പ്രവേശനപ്പരീക്ഷയുടെ പ്രോസ്‌പെക്ടസ് തയ്യാറാക്കുക. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലെ ശുപാര്‍ശകളില്‍ അന്തിമ തീരുമാനം എടുക്കേണ്ടതു മന്ത്രിസഭയാണ്.

RELATED STORIES

Share it
Top