മിത്രകുമിള്‍ കാപ്‌സൂള്‍ സാങ്കേതികവിദ്യ സ്വന്തമാക്കാന്‍ വന്‍കിട കമ്പനികള്‍

കോഴിക്കോട്: ജൈവകൃഷിയില്‍ നിര്‍ണായകമായ മിത്രകുമിള്‍ (ട്രൈക്കോഡെര്‍മ) കാപ്‌സൂളിന്റെ സാങ്കേതികവിദ്യ സ്വന്തമാക്കാന്‍ വന്‍കിട കമ്പനികള്‍ രംഗത്ത്. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം (ഐ.ഐ.എസ്.ആര്‍) രൂപപ്പെടുത്തിയ സാങ്കേതികവിദ്യ സ്വന്തമാക്കാനാണ് മഹീകോ അടക്കമുള്ള കമ്പനികള്‍ എത്തിയിരിക്കുന്നത്. കേന്ദ്രം ഡയറക്ടര്‍ എം ആനന്ദരാജാണ് ഈ സാങ്കേതികവിദ്യ തയ്യാറാക്കിയത്. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനിയും ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. 10 ലക്ഷം രൂപയാണ് ലൈസന്‍സ് സ്വന്തമാക്കാന്‍ വേണ്ടത്. സാങ്കേതികവിദ്യകള്‍ സൗജന്യമായി നല്‍കലാണ് മുന്‍കാലങ്ങളില്‍ പതിവെങ്കിലും വരുമാനമുണ്ടാക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് വില്‍പ്പനയ്ക്കു വച്ചിരിക്കുന്നത്.

മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നു ലഭിക്കുന്ന മരുന്നു കാപ്‌സൂളുകള്‍ക്കു സമാനമായ ജെലാറ്റിന്‍ കാപ്‌സൂളുകള്‍ തന്നെയാണ് മിത്രകുമിളിനെയും ഉള്‍ക്കൊള്ളാന്‍ ഉപയോഗിക്കുന്നത്. മിത്രകുമിളിനെ കാപ്‌സൂളിലാക്കാന്‍ അതിസങ്കീര്‍ണമായ ഉപകരണങ്ങള്‍ ആവശ്യമില്ല. ഇവ ഉപയോഗിക്കാന്‍ പ്രത്യേക പരിശീലനം ആവശ്യമില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.സസ്യങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്ന (പി.ജി.പി.ആര്‍) റൈസോബാക്ടീരിയായ ബാസില്ലസ് അമൈലോലിക്യഫാസിനയെ നേരത്തെ കാപ്‌സൂളില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഇഞ്ചി കൃഷി ചെയ്യുമ്പോള്‍ പൗഡര്‍ രൂപത്തിലുള്ള ബാക്ടീരിയയാണെങ്കില്‍ ഹെക്ടറിന് 20 കിലോഗ്രാം വേണം. എന്നാല്‍, കാപ്‌സൂളാണെങ്കില്‍ ഒരു ഗ്രാം തൂക്കമുള്ള 200 എണ്ണം മതിയാവും. കാപ്‌സൂള്‍ ഒന്നിന് 10 രൂപയാണു വില. കൂടാതെ കൈകാര്യം ചെയ്യന്നതിനുള്ള ചെലവും കുറവാണ്. അപകട സാധ്യതയും ഇല്ലാതാവുന്നു. 16 മാസം വരെ ഷെല്‍ഫ് ലൈഫും ഇതിനുണ്ട്. രണ്ടുവര്‍ഷം വിവിധ തോട്ടങ്ങളില്‍ പരിശോധിച്ചാണ് ഗുണനിലവാരം ഉറപ്പുവരുത്തിയത്.

ജൈവകൃഷിയില്‍ കീടനിയന്ത്രണത്തിന് മിത്രവിഭാഗത്തിലുള്ള കുമിള്‍, ബാക്ടീരിയ, വൈറസ് എന്നിവയെ ഉപയോഗിക്കാറുണ്ട്. മിത്രകുമിളുകള്‍ കീടത്തിന്റെ പുറംതോടിലൂടെ ഉള്ളില്‍ക്കടന്ന് വിഷവസ്തുക്കള്‍ പുറപ്പെടുവിച്ചും കോശങ്ങള്‍ക്കു കേടുവരുത്തിയും കീടങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കത്തിലൂടെയും ഒരു കീടത്തില്‍നിന്നു പുറത്തേക്കുവരുന്ന കുമിള്‍വിത്തുകള്‍ അന്തരീക്ഷത്തില്‍ക്കൂടി മറ്റൊരു കീടത്തിലേക്കു പ്രവേശിച്ചുമൊക്കെ കീടങ്ങളെ നശിപ്പിക്കുന്നു. കീടങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന ബാക്ടീരിയകള്‍ പ്രധാനമായും ബാസില്ലസ് എന്ന ഗ്രൂപ്പില്‍പ്പെടുന്നവയാണ്. ബാസില്ലസ് പുറപ്പെടുവിക്കുന്ന വിഷം കീടങ്ങളുടെ ആമാശയത്തെ ബാധിക്കുന്നു. തുടര്‍ന്നിത് കീടങ്ങള്‍ക്കു മാരകമായിത്തീരും. മിത്രകുമിളുകളെയും ബാക്ടീരിയകളെയുംപോലെ വൈറസുകളെ ഉപയോഗിച്ചും കീടനിയന്ത്രണം സാധ്യമാക്കാന്‍ കഴിയും.

RELATED STORIES

Share it
Top