മിതാലി നയിച്ചു; ഇന്ത്യന്‍ പെണ്‍പടയ്ക്ക്് തകര്‍പ്പന്‍ ജയംപോച്ചസ്ട്രൂം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം. ആതിഥേയരായ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ പെണ്‍വീര്യം കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 18.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. അപരാജിത അര്‍ധ സെഞ്ച്വറി നേടിയ മിതാലി രാജിന്റെ (54*) ബാറ്റിങാണ് ഇന്ത്യക്ക് ആവേശ ജയം സമ്മാനിച്ചത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. ഓപണര്‍മാരായ വാന്‍ നിക്കര്‍ക്കും (38) ലിസല്ലി ലില്ലിയും (19) ഭേദപ്പെട്ട തുടക്കമാണ് ആതിഥേയര്‍ക്ക് സമ്മാനിച്ചത്. മധ്യനിരയില്‍ മിഗ്‌നോന്‍ ഡു പെരേസ് (31), നാഡിനി ഡി ക്ലര്‍ക്ക് (23*), ച്‌ളോയി ട്രിയോന്‍ (32*) എന്നിവരും തിളങ്ങിയതോടെ 164 എന്ന ഭേദപ്പെട്ട സ്‌കോര്‍ ദക്ഷിണാഫ്രിക്ക അക്കൗണ്ടിലാക്കുകയായിരുന്നു. ഇന്ത്യക്കുവേണ്ടി അനുജ പാട്ടില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പൂജ വാസ്ട്രാക്കര്‍, ശിഖ പാണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.മറുപടിക്കിറങ്ങിയ ഇന്ത്യയെ ക്യാപ്റ്റന്‍ മിതാലി രാജ് മുന്നില്‍ നിന്ന് നയിച്ചതോടെ ഇന്ത്യ അനായാസം വിജയം കാണുകയായിരുന്നു. 48 പന്തില്‍ ആറ് ഫോറും ഒരു സിക്‌സറും ഉള്‍പ്പെട്ടതായിരുന്നു മിതാലിയുടെ ഇന്നിങ്‌സ്. ഓപണര്‍ സ്മൃതി മന്ദാന (28), ജെമീമ റോഡ്രിഗസ് (37), വേദ കൃഷ്ണമൂര്‍ത്തി (37) എന്നിവരും ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡാനിയേല്‍സ്, നിക്കര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. മിതാലിയാണ് കളിയിലെ താരം. ജയത്തോടെ അഞ്ച് മല്‍സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

RELATED STORIES

Share it
Top