മിഠായിത്തെരുവ് നവീകരണം: വഴിയാധാരമായി വഴിയോരക്കച്ചവടക്കാര്‍

പി അംബിക

കോഴിക്കോട്: കൊട്ടിഘോഷിച്ചു നടത്തിയ മിഠായിത്തെരുവ് നവീകരണം 150ലേറെ വരുന്ന വഴിയോര കച്ചവടക്കാരുടെ ജീവിതം വഴിമുട്ടിച്ചു. വഴിയോര കച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന അധികൃതരുടെ വാഗ്ദാനങ്ങള്‍ പാഴ്‌വാക്കായി. തങ്ങളുടെ കച്ചവടസാമഗ്രികളും കെട്ടിപ്പൊതിഞ്ഞ് നവീകരിച്ച മിഠായിത്തെരുവിലെ വഴിയോരത്ത് അവര്‍കൂടിയിരിക്കുകയാണ്.
ഇവര്‍ക്ക് ജോലിചെയ്യാനാവാത്തതിനാല്‍ കുടുംബം പട്ടിണിയിലാണ്. പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ മുതല്‍ തെരുവോരത്ത് തുണിക്കച്ചവടംനടത്തുന്ന പന്നിയങ്കര റിയാസ് 26 വര്‍ഷമായി ഈ ജോലികൊണ്ടാണ് കുടുംബം പുലര്‍ത്തിയത്. 28 വര്‍ഷത്തിലേറെയായി മീഞ്ചന്ത അസീസും മിഠായിത്തെരുവില്‍ വഴിയോരത്ത് തുണിക്കച്ചവടം ചെയ്താണ് കുടുംബകാര്യങ്ങള്‍ നിറവേറ്റിപ്പോന്നത്. മാത്തോട്ടത്തെ അസീസും ഫൈസലും കെ ടി ഫൈസലും വര്‍ഷങ്ങളായി തുണിക്കച്ചവടം നടത്തിയതും ഈ തെരുവില്‍തന്നെ. പയ്യാനക്കല്‍ അഷ്‌റഫ്, പന്നിയങ്കര നസീര്‍ അങ്ങനെ പേരുപറയാനാവാത്ത 150ലധികമാളുകള്‍ ഈ തെരുവിലും കിഡ്‌സണ്‍ കോര്‍ണറിലും ബെഡ്ഷീറ്റ് വിറ്റും തൂവാലവിറ്റും നൈറ്റികള്‍, ചുരിദാറുകള്‍, ടീ ഷര്‍ട്ടുകള്‍, തോര്‍ത്തുമുണ്ടുകള്‍, ബനിയന്‍ ക്ലോത്ത് അങ്ങനെ വിവിധ തുണിത്തരങ്ങള്‍ തെരുവില്‍ വിറ്റ് ഉപജീവനം കണ്ടെത്തിയവരാണ്.
32 വര്‍ഷം മിഠായിത്തെരുവില്‍ പഴവര്‍ഗങ്ങള്‍ കച്ചവടംനടത്തിയ അബ്ദുര്‍റഹ്മാന്‍ പറഞ്ഞത് പി എം താജ് റോഡ് വന്നത് താന്‍ കച്ചവടം നത്താന്‍ തുടങ്ങി വര്‍ഷങ്ങള്‍ക്കു ശേഷമാണെന്നാണ്. “ഞങ്ങളാരും മിഠായിത്തെരുവ് വികസനത്തിന് എതിരല്ല. പക്ഷേ, ഞങ്ങളുടെ ജീവിതം വഴിമുട്ടിക്കരുത് എന്നാണ് ഇവര്‍ പറയുന്നത്. കിഡ്‌സണ്‍ കോര്‍ണറില്‍ കച്ചവടം നടത്തിയിരുന്ന സ്ത്രീകള്‍ക്കും അവരുടെ തൊഴില്‍ നഷ്ടമായി. ഞായറാഴ്ചകളില്‍ കിഡ്‌സണ്‍ കോര്‍ണര്‍ മുതല്‍ മിഠായിത്തെരുവിലങ്ങളോം തെരുവു കച്ചവടം തകൃതിയായി നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കിഡ്‌സണ്‍ കോര്‍ണറില്‍ തെരുവ് കച്ചവടം നടത്തുന്നതിന് അനുമതിയില്ല. കഴിഞ്ഞ ദിവസം ഇവിടെ തെരുവുകച്ചവടം നടത്തിയവരെ പോലിസ് ഒഴിപ്പിച്ചിരുന്നു. ഞായറാഴ്ചകളില്‍ മിഠായിത്തെരുവില്‍ കച്ചവടം നടത്താനാവുന്നുണ്ട്. എന്നാല്‍ ആഴ്ചയില്‍ ആറു ദിവസവും തൊഴിലില്ലാത്തവരായി മിഠായിത്തെരുവിലെ വഴിയോര കച്ചവടക്കാര്‍ മാറുന്നു എന്നത് ചെറിയ പ്രശ്‌നമല്ല. 150ലേറെ കുടുംബങ്ങളുടെ ജീവിതപ്രശ്‌നമായി വിഷയത്തെ കണ്ട് പരിഹാരമുണ്ടാക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് ഇവരുടെ ആവശ്യം. ഇവരുടെ പ്രശ്‌നത്തിന് പരിഹാരമെന്ന നിലയില്‍ അധികൃതരില്‍ നിന്നു വന്നിട്ടുള്ള നിര്‍ദേശം പ്രായോഗികമല്ലെന്നും ഇവര്‍ പറയുന്നു.
മൂന്നു കച്ചവടക്കാര്‍ക്ക് ഒരുമീറ്റര്‍ മാത്രം നീളമുള്ള തട്ട് അനുവദിക്കാനാണ് തീരുമാനം. വ്യത്യസ്ത സാധനങ്ങള്‍ കച്ചവടം ചെയ്യുന്ന മൂന്നു പേര്‍ക്ക് അത്രയും ചെറിയ സ്ഥലത്തും സൗകര്യത്തിലും കച്ചവടം നടത്താനാവില്ലെന്നാണ് ഇവര്‍ പറയുന്നത്. 102 പേരാണ് ഈ രീതിയില്‍ അധികൃതരുടെ കണക്കില്‍ ഉള്‍പ്പെടത്. ഇവര്‍ക്കായി 33 യൂനിറ്റുകളാണ് അധികൃര്‍ അനുവദിച്ചിട്ടുള്ളത്. എന്നാല്‍ വര്‍ഷങ്ങളായി ഇവിടെ കച്ചവടംചെയ്യുന്നവരില്‍ ഭൂരിഭാഗവും ഈ കണക്കില്‍ വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

RELATED STORIES

Share it
Top