മിച്ചഭൂമി തിരികെ പിടിക്കാനുള്ള നടപടി റവന്യൂവകുപ്പ് ആരംഭിച്ചു

നിലമ്പൂര്‍: അകമ്പാടം വില്ലേജ് പരിധിയില്‍പ്പെട്ട മിച്ചഭൂമി തിരികെ പിടിക്കാനുള്ള നടപടി റവന്യവകുപ്പ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി അകമ്പാടം വില്ലേജിലെ സര്‍വേ നമ്പര്‍ അഞ്ചില്‍പ്പെട്ട 5.7 ഏക്കര്‍ ഭൂമിക്ക് നികുതി സ്വീകരിക്കല്‍ റദ്ദ് ചെയ്തുകൊണ്ടുള്ള അറിയിപ്പ് നോട്ടീസ് അകമ്പാടം വില്ലേജ് ഓഫിസ് നോട്ടിസ് ബോര്‍ഡില്‍ പതിച്ചു.
23 കുടുംബങ്ങള്‍ കൈവശംവച്ചു വരുന്ന ഭൂമിയുടെ കരം തല്‍ക്കാലത്തേയ്ക്കു സ്വീകരിക്കുന്നതല്ലെന്നാണ് നോട്ടീസിലുള്ളത്. കുടുംബങ്ങളുടെ പേര് വിവരങ്ങളടങ്ങിയ നോട്ടീസാണിത്. ഇത് മിച്ചഭൂമിയായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മേല്‍ നടപടിയെന്നാണ് നോട്ടീസിലുള്ളത്. അതേസമയം, 40 വര്‍ഷത്തിലധികമായി കുടുംബങ്ങള്‍ കൈവശംവച്ച് വരുന്ന ഭൂമിയാണിത്. 1982 മുതല്‍ കുടുംബങ്ങള്‍ കരമടയ്ക്കുന്ന ഭൂമിയാണിത്. ഇപ്പോള്‍ ഇതില്‍ താമസക്കാരായുള്ളവര്‍ വില കൊടുത്ത് ഭൂമി സ്വന്തമാക്കിയതാണ്. അഞ്ച് സെന്റ്് ഭൂമി മാത്രമുള്ള കുടുംബങ്ങളുമുണ്ട്. 2000 മുതല്‍ ഭൂമി മിച്ചഭൂമിയായി ഏറ്റെടുത്തിട്ടുണ്ടെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്.
എന്നാല്‍, 2018-19 വര്‍ഷത്തെ കരം ഈ ഭൂമിക്ക് സ്വീകരിച്ചിട്ടുണ്ട്. സര്‍വേ നമ്പര്‍ 49ല്‍ ഉള്‍പ്പെട്ട മിച്ചഭൂമിയാണ് സര്‍വേ നമ്പറില്‍ അഞ്ചില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍. നേരത്തെ റവന്യൂ വകുപ്പിന്റെ നോട്ടിസിന്റെ അടിസ്ഥാനത്തില്‍ 1964 മുതലുള്ള രേഖകള്‍ കൈവശക്കാര്‍ അകമ്പാടം വില്ലേജ് ഓഫിസില്‍ പരിശോധയ്‌ക്കെത്തിയ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നികുതി സ്വീകരിക്കുന്നത് നിര്‍ത്തിവച്ചിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച നോട്ടീസ് പതിച്ചത്.

RELATED STORIES

Share it
Top