മികവുയര്‍ത്താന്‍ നഴ്‌സുമാര്‍ക്ക് പ്രത്യേക പരിശീലനം: ആരോഗ്യമന്ത്രി

കണ്ണൂര്‍: രോഗീപരിചരണത്തിലും മറ്റ് ആരോഗ്യപ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തുന്നതിനായി നഴ്‌സുമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്ന് മന്ത്രി കെ കെ ശൈലജ. സംസ്ഥാനതല നഴ്‌സിങ് ദിനാചരണം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന നഴ്‌സുമാരുടെ നിലവാരത്തില്‍ തകര്‍ച്ച നേരിടുകയാണ്. നഴ്‌സിങ് കോളജുകളുടെ ആധിക്യമാണ് ഇതിനു കാരണം. എച്ച്‌ഐവി ബാധിതരോടുള്ള നഴ്‌സുമാരുടെ മനോഭാവം മാറണം.
മേഖലയുടെ ഉന്നതനിലവാരം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ട്രോമ കെയര്‍ സംവിധാനം വിപുലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. നഴ്‌സുമാരുടെ 2 ഷിഫ്റ്റ് സമ്പ്രദായം 3 ഷിഫ്റ്റ് സമ്പ്രദായത്തിലേക്ക് മാറ്റുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മികച്ച നഴ്‌സുമാര്‍ക്കുള്ള അവാര്‍ഡുകള്‍ ആരോഗ്യമന്ത്രി വിതരണം ചെയ്തു.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. നാരായണ നായിക്, കൗണ്‍സിലര്‍ ലിഷ ദീപക്, എന്‍എച്ച്എം ഡിപിഎം ഡോ. കെ വി ലതീഷ് സംസാരിച്ചു.

RELATED STORIES

Share it
Top