മികച്ച ചികില്‍സ പാവപ്പെട്ടവര്‍ക്കും ലഭ്യമാക്കും: കെ കെ ശൈലജ

തിരുവനന്തപുരം: വന്‍കിട ആശുപത്രികളില്‍ ലഭിക്കുന്ന അതേ സാങ്കേതിക മികവുള്ള ചികില്‍സ നാട്ടിലെ പാവപ്പെട്ടവര്‍ക്കും ലഭ്യമാക്കാന്‍ ഗവ. ആശുപത്രികളെ മെച്ചപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ, സാമൂഹികനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ.
ലോകാരോഗ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ മേഖലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികളെ മെച്ചപ്പെടുത്താന്‍ 4,300 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. ഇത് സര്‍വകാല റെക്കോഡാണ്. രണ്ടു വര്‍ഷത്തിനിടെ സ്റ്റാഫ് നഴ്‌സുമാരുടെ 800ലേറെ തസ്തികകള്‍ സൃഷ്ടിച്ചു. എങ്കിലും ആവശ്യമായ സ്‌പെഷ്യാലിറ്റികളും ഡോക്ടര്‍-രോഗി അനുപാതവും നഴ്‌സ്-രോഗി അനുപാതവും പൂര്‍ണമായിട്ടില്ല. 'എല്ലാവര്‍ക്കും ആരോഗ്യം' എന്ന ലോകാരോഗ്യ സംഘടനയുടെ മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുകയാണ് ആരോഗ്യ വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിന് പകര്‍ച്ചവ്യാധികളെ ഫലപ്രദമായി നിയന്ത്രിക്കണം. കൂടാതെ, പ്രാഥമികാരോഗ്യ മേഖലയെ ശക്തിപ്പെടുത്തണം. ഇതിനാണ് മൂന്ന് ഡോക്ടര്‍മാര്‍, നാല് സ്റ്റാഫ് നഴ്‌സുമാര്‍, ലാബ്‌ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് എന്നിവരടങ്ങിയ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മാതൃക രൂപപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത 170 കേന്ദ്രങ്ങളില്‍ നൂറിലധികം പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി പ്രവര്‍ത്തനം തുടങ്ങി. ബാക്കി ഏപ്രില്‍, മെയ് മാസത്തോടെ പൂര്‍ത്തിയാവും.
കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിശ്ചയിച്ച് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വിവിധ ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ട്. പരാതികളില്ലാത്ത വിധമുള്ള ആശയവിനിമയം ജനങ്ങളുമായി ആശുപത്രികളില്‍ ഉണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു. രോഗികളുടെ വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിക്കുന്ന ഇ-ഹെല്‍ത്ത് പദ്ധതി ഏഴ് ജില്ലകളില്‍ ആരംഭിച്ചുകഴിഞ്ഞുവെന്നും മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top