മാഹി മേഖലയിലെ സംഘര്‍ഷം: 500 പേര്‍ക്കെതിരേ കേസ്

മാഹി: സിപിഎം നേതാവും ആര്‍എസ്എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടതിന് പിന്നാലെ പള്ളൂര്‍ മേഖലയിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 500 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. കണ്ടാലറിയാവുന്ന സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിക്കല്‍, സമാധാനത്തിന് ഭംഗം വരുത്തുന്ന തരത്തില്‍ അക്രമം നടത്തല്‍ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. അക്രമബാധിത പ്രദേശങ്ങള്‍ കേരള സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്്‌റ, പുതുച്ചേരി സംസ്ഥാന പോലിസ് മേധാവി സുനില്‍ കുമാര്‍ ഗൗതം തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
മുഖംനോക്കാതെ കര്‍ശന നടപടിക്കാണ് ഇരു പോലിസ് മേധാവികളും നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇന്നലെ വൈകീട്ട് നാലോടെ ഡിജിപി ലോക്‌നാഥ് ബെഹ്്‌റ, പുതുച്ചേരി ഡിജിപി സുനില്‍ കുമാര്‍ ഗൗതം, പുതുച്ചേരി എസ്എസ്പി അപൂര്‍വ ഗുപ്ത, ഉന്നത പോലിസ് മേധാവികളായ ഉത്തരമേഖല ഡിഐജി അനില്‍ കാന്ത്, കണ്ണൂര്‍ എസ്പി ജി ശിവവിക്രം, തലശ്ശേരി എഎസ്പി ചൈത്രാ തെരേസാ ജോണ്‍, തലശ്ശേരി ഡിവൈഎസ്പി സുനില്‍ എന്നിവരോടോപ്പം സംഭവം നടന്ന ന്യൂ മാഹിയിലും പള്ളുരിലും സന്ദര്‍ശനം നടത്തി. പള്ളുരിലെ കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയവരെ കുറിച്ച് സൂചനകള്‍ ലഭിച്ചതായി
പുതുച്ചേരി ഡിജിപി സുനില്‍ കുമാര്‍ ഗൗതം പള്ളുരില്‍ പറഞ്ഞു. സമാധാനം നിലനില്‍ക്കുന്ന മാഹിയില്‍ കൊലപാതകങ്ങള്‍ നടന്നത് ദൗര്‍ഭാഗ്യകരമാണ്. ക്രിമിനലുകളെ അടിച്ചമര്‍ത്തുക തന്നെ ചെയ്യും. പള്ളൂര്‍ പോലിസ് സ്റ്റേഷനിലെത്തിയ സംഘം ഉദ്യോഗസ്ഥന്മാരുമായി ചര്‍ച്ച നടത്തിയ ശേഷം തലശ്ശേരിയിലേക്കു മടങ്ങി. അതിനിടെ ബാബുവിനെ കൊലപ്പെടുത്തിയത് വിദഗ്ധ രിശീലനം ലഭിച്ചവരാണെന്നാണു പോലിസ് നല്‍കുന്ന സൂചന.
പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ഡ കഴുത്തിനേറ്റ ആഴത്തിലുള്ള രണ്ട് മുറിവുകളാണ് മരണകാരണമെന്നു കണ്ടെത്തിയിട്ടുണ്ട്. വിഗദ്ധ പരിശീലനം ലഭിച്ചവര്‍ക്കു മാത്രമേ ഞൊടിയിടയില്‍ ഇത്തരത്തില്‍ ആക്രമണം നടത്താന്‍ കഴിയൂ എന്നാണു വിലയിരുത്തല്‍. മാഹിക്ക് പുറത്തുള്ള കണ്ണൂര്‍ സംഘത്തിന് സംഭവത്തില്‍ പങ്കുണ്ടോയെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പെരിങ്ങാടി ഷമേജിനെ കൊലപ്പെടുത്തിയത് ബൈക്കിലെത്തിയ ആറംഗ സംഘമാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. തലശ്ശേരി സിഐ പ്രേമചന്ദ്രനാണ് അന്വേഷണ ചുമതല.
സിപിഎം നേതാവ് ബാബു കണ്ണിപ്പൊയിലിന്റെ മൃതദേഹം വിലാപയാത്രയായി വീട്ടിലെത്തിച്ചതിനു പിന്നാലെയാണ് അക്രമങ്ങള്‍ ഉണ്ടായത്. സിപിഎമ്മിന്റെയും ബിജെപിയുടെയും ഓഫീസുകള്‍ ആക്രമിച്ച സംഘം കടകളും തകര്‍ത്തിരുന്നു. ഇരട്ടപ്പിലാക്കൂലില്‍ ബിജെപി മണ്ഡലം കമ്മിറ്റി ഓഫിസായ മാരാര്‍ജി മന്ദിരത്തിനു തീയിടുകയും സിപിഎം കോമത്തുപാറ ബ്രാഞ്ച് ഓഫിസും ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് മന്ദിരവും ആക്രമിക്കുകയും ചെയ്തിരുന്നു. മാഹി തീരദേശ പോലിസിന്റെ ജീപ്പ് അഗ്്‌നിക്കിരയാക്കിയിരുന്നു.
പുതുച്ചേരി പോലിസ് മേധാവിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് കേരളത്തില്‍ നിന്നു വന്‍ പോലിസ് സംഘം പള്ളൂരിലും പരിസരത്തും നിലയുറപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ പോലി് മേധാവി ശിവവിക്രം, തലശ്ശേരി എഎസ്പി ചൈത്ര തെരേസ ജോണ്‍, ഡിവൈഎസ്പി വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പള്ളൂരിലും ന്യൂമാഹിയിലും കനത്ത പോലിസ് ബന്തവസ് തുടരുകയാണ്.

RELATED STORIES

Share it
Top