മാശാ അല്ലായും കറുത്ത സ്റ്റിക്കറും

മുഹ്‌സിന്‍  മുഹമ്മദ്
ബ്രാന്‍ഡിങ് കലയായി കരുതിയ ഒരു കാലമുണ്ടായിരുന്നു. ഒരുകാലത്ത് കാംപസുകളില്‍ ആര്‍ട്‌സ് ഫെസ്റ്റിവലില്‍ ഒരു പ്രധാന ഇനമായിരുന്നു ബ്രാന്‍ഡ് വാര്‍. ബ്രാന്‍ഡിനെ ഉയര്‍ത്തിക്കാട്ടുന്ന ടീം വിജയിക്കും. ഇപ്പോഴും ആ മല്‍സരം നിലവിലുണ്ടോ എന്നറിയില്ല. ബ്രാന്‍ഡിങ് എന്നത് യഥാര്‍ഥത്തില്‍ ചാപ്പകുത്തലാണ്. കച്ചവടം നടത്തുന്നവര്‍ക്ക് അവരുടെ ഉല്‍പന്നം ഭാവി ഉപഭോക്താക്കളുടെ മസ്തിഷ്‌കങ്ങളില്‍ പതിപ്പിക്കേണ്ടതുണ്ട്. മോഹങ്ങളെക്കൊണ്ടും പ്രതീക്ഷകളെക്കൊണ്ടും വ്യാപാരം നടത്തുന്ന രാഷ്ട്രീയക്കാര്‍ക്കും ബ്രാന്‍ഡിങ് വളരെ ആവശ്യമാണ്.എന്നാല്‍, ഇന്നു രാഷ്ട്രീയക്കാര്‍ പ്രതീക്ഷകളേക്കാള്‍ കൂടുതല്‍ ഭയം വില്‍പനയ്ക്കു വയ്ക്കുന്നു. ജനമനസ്സുകളില്‍ ഭയം സൃഷ്ടിക്കുന്നതിന്റെ തോതനുസരിച്ചാണ് ചില മുദ്രാവാക്യങ്ങളുടെ വിജയം തീരുമാനിക്കപ്പെടുക എന്നു പറയേണ്ടതില്ലല്ലോ. രാഷ്ട്രീയ-സാമൂഹിക സംഘടനകള്‍ പോസ്റ്ററുകളും സ്റ്റിക്കറുകളും ബ്രാന്‍ഡിങിനായി ഉപയോഗിക്കാറുണ്ട്. അടുത്തകാലത്ത് കേരള രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട രണ്ടു സ്റ്റിക്കറുകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അതിലൊന്ന് മാശാ അല്ലാ സ്റ്റിക്കറാണ്. ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ പങ്കെടുത്ത പ്രതികള്‍ കുറ്റാന്വേഷകരുടെയും പൊതുജനത്തിന്റെയും ശ്രദ്ധ തെറ്റിക്കുന്നതിനായി, ദൈവം ഉദ്ദേശിച്ചത് എന്ന് അര്‍ഥമുള്ള ഈ സ്റ്റിക്കര്‍ വാഹനത്തില്‍ ഒട്ടിച്ചു. ആഗോളതലത്തില്‍ തന്നെ അപരസ്ഥാനത്തു നിര്‍ത്തപ്പെട്ട മുസ്‌ലിമിന്റെ ബ്രാന്‍ഡ് വാല്യൂ ദുഷ്ടസാമര്‍ഥ്യത്തോടെ ഉപയോഗിക്കുകയായിരുന്നു ന്യൂനപക്ഷ സംരക്ഷണത്തിന്റെ ചാംപ്യന്മാരായി ചമയുന്ന രാഷ്ട്രീയപ്പാര്‍ട്ടി. രാഷ്ട്രാന്തരീയഭാഷയില്‍ ഫാള്‍സ് ഫഌഗ് ടെററിസം എന്ന പ്രയോഗം നിലവിലുണ്ട്. മുമ്പുകാലത്ത് കടല്‍ക്കൊള്ളക്കാരുടെ കപ്പലുകള്‍ നാവികസേനയെയും മറ്റും തെറ്റിദ്ധരിപ്പിക്കാനും കൊള്ള മറ്റുള്ളവരില്‍ കെട്ടിവയ്ക്കാനുമായി ഇതര കപ്പലുകളുടെ കൊടികള്‍ ദുരുപയോഗം ചെയ്യുന്നതിനെ കുറിക്കാനാണ് ഈ പ്രയോഗം നിലവില്‍വന്നത്. കേരളത്തിലെ ഒരു “നാടന്‍’ ഫാള്‍സ് ഫഌഗ് പ്രയോഗമായിരുന്നു മാശാ അല്ലാ സ്റ്റിക്കര്‍. ടി പി വധത്തില്‍ കൊലപാതകികള്‍ പിടിക്കപ്പെട്ടു എന്നതും പ്രസ്തുത സ്റ്റിക്കര്‍ ചീറ്റിപ്പോയി എന്നതും നേരുതന്നെയാണെങ്കിലും ആ സ്റ്റിക്കര്‍ പ്രയോഗിക്കാന്‍ കുറ്റവാളികള്‍ക്കു തോന്നിയതിനു പിന്നിലുള്ള ദുഷ്ടലാക്ക് ഇവിടെ കൂടുതല്‍ ചര്‍ച്ചയ്ക്കു വിധേയമായിട്ടില്ല. ലോകാടിസ്ഥാനത്തില്‍ നിലവിലുള്ളതും ഇന്ത്യന്‍ സാഹചര്യത്തില്‍ ലെജിറ്റിമസി ലഭിക്കാന്‍ നല്ല സാധ്യതയുള്ളതുമായ ഇസ്‌ലാമോഫോബിയ എന്ന ബ്രാന്‍ഡിനെ മറയായി ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം; അപരസ്ഥാനത്ത് ആദ്യമേ തന്നെ നിര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കെതിരേ വളരെ എളുപ്പം ഉപയോഗിക്കാവുന്ന ബ്രാന്‍ഡിങ്. ഇതിന്റെ തന്നെ മറ്റൊരു പതിപ്പായാണ് ഇപ്പോള്‍ വിഷയീഭവിക്കുന്ന കറുത്ത സ്റ്റിക്കര്‍ പ്രചാരണവും. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് സ്റ്റിക്കര്‍ ഭീതിയുടെ തുടക്കം. വീടുകളുടെ ജനാലകളില്‍ നിന്നു “സംശയാസ്പദമായി’ കറുത്ത സ്റ്റിക്കറുകള്‍ കണ്ടെത്തുന്നു. പോലിസിനു പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ ലഭിക്കുന്നു. സാമൂഹികമാധ്യമങ്ങളില്‍ ഭിക്ഷാടനമാഫിയ, കുട്ടികളെ തട്ടിക്കൊണ്ടുപോവല്‍ എന്നിവയുമായി ബന്ധപ്പെട്ട കഥകള്‍ പിറവിയെടുക്കുന്നു. പോലിസ് നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നത് മറ്റൊരു കാര്യമാണ്. ജനല്‍ച്ചില്ലുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ ചില്ലുകള്‍ അടുക്കിവയ്ക്കുമ്പോഴും മറ്റും പരസ്പരം ഉരഞ്ഞുപൊട്ടാതിരിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന റബര്‍ ബുഷുകളാണ് ഭീതിപരത്തിയ കറുത്ത സ്റ്റിക്കറുകളായി മാറിയത്!മേല്‍പറഞ്ഞ രണ്ടു ചാപ്പകളും പല രീതിയിലുള്ള സമാനതകളും ഉള്‍ക്കൊള്ളുന്നുണ്ട്. രണ്ടും അപരത്വങ്ങള്‍ക്ക് നിരന്തരം വിധേയമാവാറുള്ള/ വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിഭാഗങ്ങള്‍ക്കെതിരേയാണ് ഉപയോഗിക്കപ്പെട്ടത് എന്നതുതന്നെയാണ് അതില്‍ പ്രധാനം- ആദ്യത്തേത് മുസ്‌ലിമിനെതിരേയും രണ്ടാമത്തേത് ഇതരസംസ്ഥാന തൊഴിലാളികളെയും. ഇന്ത്യയിലെ മേല്‍ക്കോയ്മാധാരയ്ക്കു പുറത്തുള്ള വിഭാഗങ്ങളാണ് രണ്ടും; അപരത്വത്തിന്റെ അടിസ്ഥാനങ്ങള്‍ക്ക് സൂക്ഷ്മാര്‍ഥത്തില്‍ വ്യത്യാസങ്ങള്‍ കാണാമെങ്കിലും. രണ്ടും വിജയിച്ചിരുന്നെങ്കില്‍ വളരെ വലിയതോതില്‍ അപരവിദ്വേഷവും ഹിംസയും ഉല്‍പാദിപ്പിക്കാന്‍ പോന്നവയായിരുന്നു. മാശാ അല്ലാ സ്റ്റിക്കര്‍ ഇറങ്ങുന്നതിന്റെ കുറച്ചു മുമ്പാണ് കേരളത്തില്‍ ലൗ ജിഹാദ് പ്രചാരണം നടക്കുന്നത്. വസ്തുതകളുടെ ഒരടിസ്ഥാനവുമില്ലാത്ത ഈ ബ്രാന്‍ഡിങ് പക്ഷേ, മാധ്യമങ്ങളും തുടര്‍ന്ന് ഔദ്യോഗിക സംവിധാനങ്ങളും ഏറ്റെടുത്തു. ഏറെക്കഴിഞ്ഞ് അങ്ങനെയൊന്നില്ല എന്നു തെളിയിക്കപ്പെട്ടിട്ടും അതിന്റെ തുടര്‍ചലനങ്ങള്‍ ഇന്നും നടന്നുകൊണ്ടിരിക്കുന്നു. ലൗ ജിഹാദ് പ്രചാരണസമയത്തു കേരളത്തിലെ കാംപസുകളില്‍ പഠിച്ചവരാണ് ഇന്നു സോഷ്യല്‍ മീഡിയയില്‍ മുസ്‌ലിംഭീതി പരത്തുന്നതില്‍ സജീവ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നത് എന്നു കാണാം. ലൗ ജിഹാദ് ബ്രാന്‍ഡ് പിന്നീട് ജനപ്രിയ സിനിമകളിലും കോമഡി സ്‌കിറ്റുകളിലും ജീവന്‍ നിലനിര്‍ത്തി. ഇപ്പോള്‍ ഹാദിയ വിഷയത്തില്‍ വീണ്ടുമത് ഔദ്യോഗിക ചര്‍ച്ചയിലേക്കു വരുന്നു.

RELATED STORIES

Share it
Top