മാവോവാദി നേതാവ് രൂപേഷ് വീട്ടിലെത്തി

തൃപ്രയാര്‍: മാവോവാദി നേതാവ് രൂപേഷ് മൂന്നു മണിക്കൂര്‍ സമയത്തെ പരോളില്‍ വലപ്പാട് ചന്തപ്പടിയിലെ ഭാര്യയുടെ വീട്ടിലെത്തി. എറണാകുളം എന്‍ഐഎ പ്രത്യേക കോടതിയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന രൂപേഷിന് കഴിഞ്ഞ തിങ്കളാഴ്ച പരോള്‍ അനുവദിച്ചത്. മക്കളെ കാണണമെന്ന രൂപേഷിന്റെ അപേക്ഷ കോടതി അനുവദിക്കുകയായിരുന്നു.
ഇന്നലെ രാവിലെ എട്ടരയോടെ സായുധ പോലിസിന്റെ അകമ്പടിയോടെ ജയിലില്‍ നിന്ന് പുറപ്പെട്ട രൂപേഷ് രാവിലെ ഒമ്പതരയ്ക്ക് വലപ്പാട് ചന്തപ്പടിയിലെ ഷൈന മന്‍സിലില്‍ എത്തി. ചേര്‍പ്പ്, മാള സിഐമാരായ മനോജ്കുമാര്‍, ഭൂപേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രൂപേഷിനെ വലപ്പാട് എത്തിച്ചത്. വീട്ടിലെത്തിയ രൂപേഷിനെ മക്കളായ ആമിയും സവേരയും ചേര്‍ന്ന് സ്വീകരിച്ചു.
ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫെയ്മസ് വര്‍ഗീസ്, വലപ്പാട് സിഐ ടി കെ ഷൈജു, എസ്‌ഐ ഇ ആര്‍ ബൈജു എന്നിവരുടെ നേതൃത്വത്തില്‍ 50ഓളം പോലിസുകാര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. രൂപേഷിന്റെ ഭാര്യ ഷൈന മാവോവാദി കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. മൂന്നുമണിക്കൂര്‍ സമയത്തെ പരോളിന് ശേഷം രൂപേഷിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.

RELATED STORIES

Share it
Top