മാവോവാദി നേതാവ് ഡാനിഷിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

പാലക്കാട്: കഴിഞ്ഞ ദിവസം പോലിസ് പിടികൂടിയ മവോവാദി നേതാവ് കോയമ്പത്തൂര്‍ സ്വദേശി ഡാനിഷിനെ 10 ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. കോഴിക്കോട്, താമരശ്ശേരി പോലിസ് സ്‌റ്റേഷനില്‍ ഡാനിഷിനെതിരേയുള്ള കേസില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിലാണ് പാലക്കാട് കോടതിയില്‍ ഹാജരാക്കിയ ഡാനിഷിനെ ചോദ്യം ചെയ്യുന്നതിനായി വിട്ടുനല്‍കിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അട്ടപ്പാടി ഭൂതയാര്‍ ഊരിലേക്കുള്ള യാത്രയ്ക്കിടെ തണ്ടര്‍ ബോള്‍ട്ടും എഎസ്പി സ്‌ക്വാഡും ചേര്‍ന്ന് ഡാനിഷിനെ പിടികൂടിയത്. തുടര്‍ന്ന് കല്ലേക്കാട് എആര്‍ ക്യാംപില്‍ ചോദ്യംചെയ്തശേഷം ഇന്നലെ രാവിലെ എസ്പി ഓഫിസിലെത്തിച്ചു. തുടര്‍ന്ന് ഉച്ചയോടെയാണ് പാലക്കാട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. അറസ്റ്റ് ചെയ്തതാണെന്നും കീഴടങ്ങിയതല്ലെന്നും ഉറക്കെ പറഞ്ഞാണ് ഡാനിഷ് കോടതിയില്‍ ഹാജരായത്.അടുത്തിടെ അട്ടപ്പാടി കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനമെന്ന് പോലിസ് പറയുന്നു.
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഡാനിഷിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ തമിഴ്‌നാട് പോലിസും ഹരജി നല്‍കുമെന്ന് അറിയുന്നു. കനത്ത പോലിസ് സുരക്ഷയോടെയാണ് ഡാനിഷിനെ കല്ലേക്കാട് ക്യാംപിലും കോടതിയിലും ഹാജരാക്കിയത്.

RELATED STORIES

Share it
Top